കട്ടപ്പന: കട്ടപ്പന നഗരസഭയിലും സമീപപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായി. അടുത്തിടെ നിരവധി വളർത്തുമൃഗങ്ങളാണ് പേപ്പട്ടിയുടെ കടിയേറ്റ് ചത്തൊടുങ്ങിയത്. രാപകൽ വ്യത്യാസമില്ലാതെ ടൗണുകളും ജംഗ്ഷനുകളും ഇവറ്റകളുടെ താവളങ്ങളാണ്. കട്ടപ്പന നഗരത്തിൽ പഴയ ബസ് സ്റ്റാൻഡ്, കുമ്പളംപാറ റോഡ്, പുതിയ ബസ് സ്റ്റാൻഡ്, ഇടശേരി ജംഗ്ഷൻ, സെൻട്രൽ ജംഗ്ഷൻ, പള്ളിക്കവല, ഇടുക്കിക്കവല തുടങ്ങിയ സ്ഥലങ്ങളിലും ഇടവഴികളിലുമെല്ലാം തെരുവുനായ്ക്കൾ അലഞ്ഞുതിരിയുന്നുണ്ട്. നവംബറിൽ നഗരത്തിൽ 15 പേർക്ക് പേപ്പട്ടിയുടെ കടിയേറ്റിരുന്നു. ബസ് സ്റ്റാൻഡിൽ യാത്രക്കാരടക്കമാണ് ആക്രമിക്കപ്പെട്ടത്. ഒടുവിൽ നാട്ടുകാർ ചേർന്ന് പേപ്പട്ടിയെ തല്ലിക്കൊല്ലുകയായിരുന്നു.
നഗരത്തിൽ മാലിന്യം കൂടിക്കിടക്കുന്ന സ്ഥലങ്ങളിലാണ് നായ്ക്കൾ കൂട്ടമായി എത്തുന്നത്. ചാക്കുകളിൽ നിറച്ച് ഇറച്ചി വേസ്റ്റ് ഉൾപ്പടെയുള്ളമാലിന്യം പ്രദേശമാകെ നിരത്തി വൃത്തിഹീനമാക്കുകയാണ്. രാത്രിയാകുന്നതോടെ പഴയ ബസ് സ്റ്റാൻഡിനുൾവശംനായ്ക്കളുടെ താവളമാകും.. വ്യാപാര സ്ഥാപനങ്ങൾക്കുമുമ്പിൽ മലമൂത്ര വിസർജനം നടത്തി വൃത്തിഹീനമാക്കുകയാണ്. സ്റ്റാൻഡിലെത്തുന്ന രാത്രികാല യാത്രക്കാർക്കും ഭീഷണിയാണ്. പുതിയ ബസ് സ്റ്റാൻഡിൽ അരഡസനോളം നായകളാണ് രാത്രികാലങ്ങളിൽ തമ്പടിക്കുന്നത്. നരിയംപാറ മേഖലയിലും തെരുവുനായ ശല്യം രൂക്ഷമാണ്.
തൊഴുത്തിൽക്കയറിയും കടിക്കും
ഇരട്ടയാർ പഞ്ചായത്തിൽ ചൊവ്വാഴ്ച രണ്ടു പശുക്കൾ പേവിഷബാധയേറ്റ് ചത്തത്. പുല്ലുമേയ്ക്കാൻ വിട്ടപ്പോഴാണ് നാങ്കുതൊട്ടി അക്കുറ്റ് സണ്ണി തോമസിന്റെ പശുവിനെ പേപ്പട്ടി കടിച്ചത്. മൃഗാശുപത്രിയിൽ നിന്നു ചികിത്സ ലഭ്യമാക്കിയെങ്കിലും വൈകാതെ ചത്തു. ശാന്തിഗ്രാം മാണിക്കത്താതുകുന്നേൽ ടോമിയുടെ പശുവിനെ തൊഴുത്തിൽ കയറിയാണ് പേപ്പട്ടി കടിച്ചത്. കടിയേറ്റ പശുവിനൊപ്പം തൊഴുത്തിലുണ്ടായിരുന്ന കിടാവും ചത്തു. മാസങ്ങൾക്ക് മുമ്പ് പാറക്കടവിലും വെള്ളിലാംകണ്ടത്തും പശുക്കൾ പേവിഷബാധയേറ്റ് ചത്തിരുന്നു.