march
വൈരമണി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധമാർച്ച്

കുളമാവ് :കളക്ടറുടെ നിർദ്ദേശം അവഗണിച്ച് കുളമാവ്‌ കോട്ടമല പഞ്ചായത്ത് റോഡ് തടസപ്പെടുത്തുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടികൾക്കെതിരെ വിവിധ രാഷ്ട്രീയ സാമുദായിക സംഘടനകളുടെ നേതൃത്വത്തിൽ വൈരമണി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ആദിവാസി മേഖലയായ കപ്പക്കാനം, ഉറുമ്പള്ള്, മേമുട്ടം, ഉളുപ്പൂണി എന്നിവിടങ്ങളിൽ നിന്നും 25 കിലോമീറ്റർ സഞ്ചരിച്ച് ജില്ലാ ആസ്ഥാനത്ത് എത്താനാവുന്ന ഏക റോഡാണിത്. 1977ൽ അറക്കുളം പഞ്ചായത്ത് ഏറ്റെടുത്ത് ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയ ഈ റോഡിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ തടസ്സങ്ങൾ ഉണ്ടാക്കുന്നത് പതിവായിരുന്നു. നിലവിലുള്ള റോഡുകളൊന്നും ഒരു വന നിയമങ്ങളും തടസപ്പെടുത്തുന്നില്ലെന്ന് വ്യക്തമായിട്ടും മൂന്നു വർഷം മുമ്പ് വനം വകുപ്പ് റോഡിനു കുറുകെ ചങ്ങല സ്ഥാപിച്ചു കൊണ്ട് റോഡ് പൂർണ്ണമായി അടച്ചുകെട്ടി. ഇതിനെതിരെ വിവിധ ആദിവാസി സംഘടനകളും അറക്കുളം പഞ്ചായത്തും ജില്ലാ കളക്ടർക്ക് പരാതി നൽകി. വനം വകുപ്പ് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി ജില്ലാ കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ റോഡ് തുറന്നു കൊടുക്കാൻ ധാരണയായെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥർ യാത്രക്കാരെ റോഡിൽ തടയുന്ന നടപടികളിൽ നിന്നും പിൻമാറിയില്ല.. സംസ്ഥാന ആദിവാസി ഉപദേശക സമിതി അംഗം കെ. എസ് രാജനെയും ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം ചെല്ലമ്മ ദാമോദരനെയും ഈ റോഡിൽ വച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. . കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ബേബി മുണ്ടാട്ടിൽ മാർച്ച് ഫ്‌ളാഗ് ഓഫ് ചെയ്തു. സിപിഎം ജില്ലാകമ്മിറ്റി അംഗവും വാർഡ് മെമ്പറുമായ കെ. എൽ ജോസഫ് ധർണ്ണ ഉദ്ഘാടനം ചെയ്തു. കെ. എസ്. രാജൻ, ആദിവാസി ക്ഷേമ സമിതി മൂലമറ്റം ഏരിയാ സെക്രട്ടറി കെ. എൻ ബാലൻ, സിപിഎം കുളമാവ് ലോക്കൽ സെക്രട്ടറി സന്തോഷ് കെ. ഓച്ചേരി, ടി.എം. ജോണി എന്നിവർ പ്രസംഗിച്ചു.