ചികിത്സ ധനസഹായവിതരണം ഫെബ്രുവരിയിൽ

കട്ടപ്പന: ജീവകാരുണ്യ പ്രവർത്തന ഫണ്ട് സമാഹരണം ലക്ഷ്യമിട്ട് നടത്തിയ കട്ടപ്പന ഫെസ്റ്റിൽ നിന്നു നഗരസഭയ്ക്ക് ലഭിച്ച 8.72 ലക്ഷം രൂപ രോഗികൾക്ക് വിതരണം ചെയ്യാൻ കൗൺസിൽ യോഗത്തിൽ തീരുമാനം. അരലക്ഷത്തോളം പേർ ഫെസ്റ്റ് സന്ദർശിച്ചു. ടിക്കറ്റിലൂടെയുള്ള വരുമാനത്തിന്റെ 35 ശതമാനമാണ് നഗരസഭയ്ക്ക് ലഭിച്ചത്.നഗരസഭാപരിധിയിൽ നിലവിൽ ഡയാലിസിസ് നടത്തുന്ന വൃക്കരോഗികൾ, ചികിത്സയിലുള്ള കാൻസർ രോഗികൾ, ശസ്ത്രക്രിയയ്ക്ക് വിധേയരാകേണ്ട ഹൃദ്രോഗികൾ എന്നിവർക്കാണ് ധനസഹായം നൽകുന്നത്. അപേക്ഷകൻ സ്വയം തയാറാക്കിയ അപേക്ഷ, ഡോക്ടറുടെ സർട്ടിഫിക്കറ്റ്, കൗൺസിലർമാരുടെ കത്ത് എന്നിവ സഹിതം നഗരസഭയിലെ ആരോഗ്യവിഭാഗത്തിൽ 31ന് മുമ്പ് സമർപ്പിക്കണമെന്ന് നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി കല്ലുപുരയിടം എന്നിവർ അറിയിച്ചു. താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളെ കണ്ടെത്തി ഫെബ്രുവരി രണ്ടാമത്തെ ആഴ്ചമുതൽ ധനസഹായം വിതരണം ചെയ്യും.