കട്ടപ്പന: ഭാരതീയ വിദ്യാനികേതൻ ജില്ലാ കായികമേളയിൽ കുടയത്തൂർ സരസ്വതി വിദ്യാനികേതൻ 179 പോയിന്റ് നേടി ജേതാക്കളായി. രണ്ടാമതെത്തിയ കട്ടപ്പന സരസ്വതി വിദ്യാപീഠത്തിന് 167 പോയിന്റ് ലഭിച്ചു. വിവിധ സ്‌കൂളുകളിൽ നിന്നുള്ള 300ൽപ്പരം കായികതാരങ്ങൾ മേളയിൽ പങ്കെടുത്തു. കട്ടപ്പന എസ്.ഐ: സന്തോഷ് സജീവ് കായികമേള ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാനികേതൻ ജില്ലാ അദ്ധ്യക്ഷൻ പി.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സംയോജകൻ പി.ആർ. സജീവൻ, സ്‌കൂൾ വൈസ് ചെയർമാൻ എ.കെ. മോഹൻദാസ്, പ്രിൻസിപ്പൽ കെ.എസ്. അനീഷ്, വൈസ് പ്രിൻസിപ്പൽ മഞ്ജു പി.മോഹൻ, പാറക്കടവ് സരസ്വതി വിദ്യാനികേതൻ പ്രിൻസിപ്പൽ കെ.എസ്. മധു തുടങ്ങിയവർ പ്രസംഗിച്ചു. മുൻ ദേശീയ കായിക താരം ഗായത്രി സതീശൻ ദീപശിഖാ പ്രയാണത്തിന് തിരിതെളിച്ചു. സമാപന സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.