മറയൂർ: പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് നടന്ന ആവണിയാപുരം ജല്ലിക്കെട്ട് ആഘോഷത്തിൽ
700ഓളം കാളകളും ഇവയെ പിടികൂടുന്നതിനായി വിവിധ ടീമുകളിലായി 730 യുവാക്കളും പങ്കെടുത്തു.
കാളയോട്ടത്തിനിടെ ജല്ലിക്കെട്ടിൽ പങ്കെടുത്തവർക്കും കാണികൾക്കും പരിക്കേറ്റു. 32 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്.
തൈപൊങ്കലിനോട് അനുബന്ധിച്ച് മധുര ജില്ലയിലെ അലങ്കനല്ലൂർ ആവണിയാപുരം എന്നിവിടങ്ങളിലാണ് പ്രശസ്തമായ ജല്ലിക്കെട്ട് നടന്നത്. കാങ്കേയം ഇനത്തിൽപ്പെട്ട കാളകളാണ് മത്സരത്തിൽ പങ്കെടുത്തത്. കോടതി നിർദ്ദേശ പ്രകാരം രാവിലെ എട്ടു മുതൽ വൈകിട്ട് 4 വരെ നടന്ന ജല്ലിക്കെട്ട് തമിഴ്‌നാട് റവന്യു മന്ത്രി ആർ.പി ഉദയകുമാർ ഉദ്ഘാടനം ചെയ്തു. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലായി ജനുവരി 31 വരെ ജല്ലിക്കെട്ട് നടക്കും. 2000ത്തോളം കാളകൾ മത്സരങ്ങളിൽ പങ്കെടുക്കും.