വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക പ്ലാസ്റ്റിക് പരിശോധന
തൊടുപുഴ: പരിസ്ഥിതിക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്ന പ്ലാസ്റ്റിക്കിന് സംസ്ഥാനത്ത് നിരോധനം നിലവിൽ വന്നതിന് പിന്നാലെ ഇന്നലെ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വ്യാപകമായി പരിശോധന നടത്തി. തൊടുപുഴ നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും സൂപ്പർമാർക്കറ്റുകളിലും നടത്തിയ പരിശോധനയിൽ ആയിരം കിലോയോളം പ്ലാസ്റ്റിക് കവറുകളാണ് പിടികൂടിയത്. പ്ലാസ്റ്റിക്കടങ്ങിയ തുണി കോട്ടിംഗുള്ള സഞ്ചികളാണ് (നോൺ വൂവൺ ബാഗുകൾ) ഇവിടങ്ങളിൽ നിന്ന് പിടിച്ചെടുത്തത്. ചില കടകളിൽ നിന്ന് പഴയ പ്ലാസ്റ്റിക് കൂടുകളും പ്ലാസ്റ്റിക്കടങ്ങിയ പേപ്പർ ഗ്ലാസുകളും പിടിച്ചെടുത്തു. തുടക്കമെന്ന നിലയിൽ പിഴയീടാക്കുന്നതിന് പകരം താക്കീത് മാത്രം നൽകി. രാവിലെ 10.45 മുതൽ ഉച്ചയ്ക്ക് 1.30വരെയായിരുന്നു പരിശോധന. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും ഇനിയും ഉപയോഗം തുടർന്നാൽ പിഴ ഈടാക്കുമെന്നും നഗരസഭാ ആരോഗ്യവിഭാഗം അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്. പ്രവീൺ, തൗഫീക് പി. ഇസ്മയിൽ, ജെ.എച്ച്.ഐമാരായ ജോയ്സ് ജോസ്, അശ്വതി എസ്. കുട്ടപ്പൻ, കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ആശങ്കകൾ അനവധി
മീൻ, ഇറച്ചി തുടങ്ങിയ വിൽക്കുമ്പോൾ പേപ്പർ ബാഗിലോ തുണി സഞ്ചിയിലോ നൽകാനാകില്ല
ജൈവവസ്തുക്കളിൽ ബദൽമാർഗങ്ങൾ ആവശ്യത്തിന് ഇല്ലാത്തതിന്റെ പ്രശ്നം
ഉപഭോക്താക്കൾക്ക് കൂടെ പിഴയീടാക്കാതെ എങ്ങനെ നിരോധനം നടപ്പിലാകും
ബ്രാൻഡഡ് ഉത്പന്നങ്ങൾ കമ്പനികൾ എങ്ങനെ തിരിച്ചെടുക്കുമെന്ന സംശയം
ചെറുകിട സ്ഥാപനങ്ങളിലും കുടുംബശ്രീകളിലും നിർമിക്കുന്ന ഭക്ഷ്യവസ്തുക്കൾ പോലുള്ളവ എങ്ങനെ വിപണയിലെത്തിക്കുമെന്ന് ആശങ്ക
സ്വാഗതം, പക്ഷേ വ്യക്തയില്ല
''പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന പ്ലാസ്റ്റിക് പോലുള്ള ഉത്പന്നങ്ങൾ നിരോധിച്ച നടപടിയെ സ്വാഗതം ചെയ്യുന്നു. ഇത്തരം കാലോചിതമായ മാറ്റങ്ങൾ ആവശ്യമാണ്. എന്നാൽ നിയമം നടപ്പിലാക്കുന്നതിന് മുമ്പ് സാവകാശം നൽകുകയും ബദൽ മാർഗങ്ങളുണ്ടാക്കുകയും വേണം. നിരോധനം സംബന്ധിച്ച് ഒരു വ്യക്തതയില്ല. ഉദ്യോഗസ്ഥർക്ക് അഴിമതി ചെയ്യാനുള്ള ഒരു അവസരമായി ഇതുമാറും. എന്തായാലും പ്ലാസ്റ്റിക് മാറ്റി തുണി പോലുള്ളവ ഉപയോഗിക്കണമെന്ന് ജില്ലയിലെ വ്യാപാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്."
- കെ.എൻ. ദിവാകരൻ
(ജില്ലാ പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി)
''ഇന്നലെ ഞാൻ കടയിൽ നിന്ന് സവാളയും ഉള്ളിയും വാങ്ങിയപ്പോൾ പ്ലാസ്റ്റിക് കവറിന് പകരം തന്നത് തുണിസഞ്ചിയാണ്. പക്ഷേ, 15 രൂപ സഞ്ചിക്ക് അധികം നൽകേണ്ടി വന്നു. ഇനി സാധനങ്ങൾ വാങ്ങാൻ വരുമ്പോൾ പണ്ട് കാലത്തെ പോലെ സഞ്ചിയുമായി വരുന്നതാണ് നല്ലതെന്ന് തോന്നുന്നു.""
പീതാംബരൻ
(കോലാനി)
ഇവയ്ക്ക് ഇളവ്
സ്വയം തിരിച്ചെടുക്കണമെന്ന വ്യവസ്ഥയിൽ ബ്രാൻഡഡ് ഉത്പന്നങ്ങൾ
കയറ്റുമതി ചെയ്യുന്നവ
ആരോദ്യപരിപാലന രംഗത്ത് ഉപയോിക്കുന്നവ
കമ്പോസ്റ്റബിൾ പ്ലാസ്റ്റിക്കിൽ നിന്ന് നിർമിച്ചവ
മുൻകൂട്ടി അളന്നുവച്ച ധാന്യങ്ങൾ, പൊടികൾ, പയർവർഗങ്ങൾ, പഞ്ചസാര, മത്സ്യമാംസാദികൾ, മിൽമ പാൽ.
ഈ പ്ലാസ്റ്റിക്കുകൾക്ക് വിട
ക്യാരി ബാഗ്
ടേബിൾ ഷീറ്റ്
പ്ലേറ്റ്
കപ്പ്
അലങ്കാര വസ്തു
സ്പൂൺ
ഫോർക്ക്
സ്‌ട്രോ
ഡിഷ്
കൊടികൾ
ചെറു കുടിവെള്ള ബോട്ടിൽ
ബ്രാൻഡഡ് അല്ലാത്ത ജ്യൂസ് പാക്കറ്റുകൾ
പി.വി.സി ഫ്ളക്‌സ്
കനത്ത പിഴ
പ്ലാസ്റ്റിക് നിരോധനം ലംഘിക്കുന്നവർക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമം 1986 പ്രകാരം കർശന നടപടിയുണ്ടാകും. കളക്ടർമാർക്കും സബ്ഡിവിഷണൽ മജിസ്‌ട്രേറ്റുമാർക്കും മലിനീകരണ നിയന്ത്ര ബോർഡ് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കും പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം കേന്ദ്ര സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥർക്കും നടപടിയെടുക്കാം.
നിരോധനം ലംഘിച്ചാൽ ആദ്യം- 10,000 രൂപ
ആവർത്തിച്ചാൽ- 25,000
മൂന്നാമത് - 50,000