മുട്ടം: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, മുട്ടം പഞ്ചായത്ത്‌, മർച്ചന്റ് അസോസിയേഷൻ വിവിധ സാമൂഹ്യ സാംസ്ക്കാരിക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'മലങ്കര ടൂറിസം ഫെസ്റ്റ് ഇൻ - 2020' ലേക്ക് കുടുംബ സമ്മതമാണ് ജനം എത്തുന്നത്. ജനുവരി 10 മുതൽ 19 വരെയുള്ള പത്ത് ദിവസക്കാലം നീണ്ട് നിൽക്കുന്ന വിവിധങ്ങളായ പരിപാടികളോടെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്., മലങ്കര അണക്കെട്ടും ചുറ്റുമുള്ള പ്രദേശങ്ങളിലെ പ്രകൃതി രമണീയമായ കാഴ്ച്ചകളും ഉൾപ്പെടുത്തി വർഷങ്ങൾക്ക് മുൻപ് മലങ്കര ടൂറിസം പദ്ധതി വിഭാവനം ചെയ്തെങ്കിലും വർഷങ്ങളോളം പദ്ധതി ചുവപ്പ് നാടയിൽ കുരുങ്ങി. എന്നാൽ കഴിഞ്ഞ തവണ ഫെസ്റ്റ് നടത്തിയതിനെ തുടർന്ന് എൻട്രൻസ് പ്ലാസ ഉദ്ഘാടനം നടത്തുകയും കുട്ടികളുടെ പാർക്ക് യാഥാർഥ്യമാവുകയും ചെയ്തു.

ഓരോ ദിവസവും ദിവസവും വിവിധ വിഷയങ്ങളെ സംബന്ധിച്ച് സെമിനാറുകൾ, കല-സാഹിത്യം -വിദ്യാഭ്യാസം എന്നീ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച പ്രതിഭകളെ ആദരിക്കൽ, കാർഷിക നേഴ്‌സറി, പുഷ്പമേള, ഭക്ഷ്യ മേള, കുതിര സവാരി, കുട്ടികൾക്കുള്ള കാർനിവൽ, മലങ്കര അണക്കെട്ട് സന്ദർശനം, വൈവിധ്യമായ സ്റ്റാളുകൾ, എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ വിവിധ കലാപരിപാടികൾ എന്നിങ്ങനെ ഫെസ്റ്റിനോട് അനുബന്ധിച്ചുള്ള പരിപാടികൾ കാണാൻ വിവിധ മേഖലകളിൽ നിന്നാണ് ജനം ഫെസ്റ്റ് നഗറിലേക്ക് എത്തുന്നത്.ടൗണിന്റെ തിരക്കിൽ നിന്ന് ഒഴിവായി മലങ്കര അണക്കെട്ടിന്റെയും ചുറ്റുമുള്ള മനോഹരമായ നിശബ്ദതയും വേറിട്ട അനുഭവമാണ് ഇവിടെയെത്തുന്നവർക്ക് നൽകുന്നത്.