സേവനങ്ങൾ സംബന്ധിച്ച ഫീസിന്റെ പട്ടിക അക്ഷയ കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കണം

ഇടുക്കി : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർ പട്ടികയിൽ ഓൺലൈനായി പേരു ചേർക്കുന്നതിന് സമ്മതിദാനാവകാശ ബോധവൽക്കരണ പരിപാടിയായ സ്വീപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ പരിശീലനം നൽകുമെന്ന് കളക്ടർ എച്ച്. ദിനേശൻ അറിയിച്ചു. രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ തല പ്രതിനിധികളുടെ യോഗത്തിലാണിക്കാര്യം അറിയിച്ചത്. അക്ഷയ കേന്ദ്രത്തിലൂടെ മാത്രം ഓൺലൈനായി വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നത് ഇടുക്കിയിൽ പ്രായോഗികമല്ലെന്നും കൂടുതൽ കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കണമെന്ന് രാഷ്ട്രീയ പാർട്ടിപ്രതിനിധികളുടെ ആവശ്യം സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തും. അക്ഷയ കേന്ദ്രങ്ങളിൽ നൽകുന്ന സേവനങ്ങൾ സംബന്ധിച്ച ഫീസിന്റെ പട്ടിക കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കണമെന്നും അല്ലാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്നുംകളക്ടർ പറഞ്ഞു. ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാർ 20 ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. കരട് വോട്ടർ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും ഫെബ്രുവരി 14 വരെ സ്വീകരിക്കും. അപേക്ഷകൻ കമ്മീഷന്റെ www.lsgelection.keralagov.in എന്ന സൈറ്റിലാണ് ഓൺലൈൻ അപേക്ഷകൾ അയക്കേണ്ടത്. അപേക്ഷകളും ആക്ഷേപങ്ങളും സംബന്ധിച്ച ഹിയറിങ് ഫെബ്രുവരി 25ന് പൂർത്തിയാക്കും. ഫെബ്രുവരി 28 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടർ പട്ടിക പുതുക്കുന്നതിനും നിലവിലുള്ള അടിസ്ഥാന പട്ടികയും സപ്ലിമെന്ററി പട്ടികകളും സംയോജിപ്പിച്ചു കൊണ്ടുള്ള ഏകീകൃത പട്ടികയും www.lsgelection.kerala.gov.in/eroll വെബ്‌സൈറ്റിൽ ലഭിക്കും. പുതുക്കുന്നതിനുള്ള യോഗ്യത തിയതി 2020 ജനുവരി 1 ആണ്. ഒന്നാം തിയതിക്കോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവരായിരിക്കണംപിബി സബീഷ,് എംജെ മാത്യു (സിപിഎം), എംഡി അർജുനൻ (കോൺഗ്രസ് ), മാത്യു വർഗീസ് (സിപിഐ), രാജേന്ദ്രലാൽ ദത്ത് (ബിഡിജെഎസ്)ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എം എൻ രതി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.