അടിമാലി : അടിമാലിയിൽ നടന്ന ബ്ലോക്ക് തല ലൈഫ് മിഷൻ കുടുംബ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അടിമാലി,വെള്ളത്തൂവൽ,ബൈസൺവാലി,കൊന്നത്തടി,പള്ളിവാസൽ തുടങ്ങി അടിമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന അഞ്ച് പഞ്ചായത്തുകളിലെ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തുമാണ് അടിമാലി പഞ്ചായത്ത് ടൗൺ ഹാളിൽ സംഘടിപ്പിച്ചത്. ലൈഫ് ഗുണഭോക്താക്കൾക്ക് സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കുന്നതിനായി സംഗമത്തോടൊപ്പം ഇരുപതോളം വകുപ്പുകളുടെ പങ്കാളിത്തവും ഉറപ്പു വരുത്തിയിരുന്നു. എസ് രാജേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന 5 പഞ്ചായത്തുകളിലായി 1165 വീടുകളാണ് ലൈഫുൾപ്പെടെയുള്ള ഭവനപദ്ധതികളിൽപ്പെടുത്തി നിർമ്മിച്ച് നൽകിയിട്ടുള്ളത്. സംഗമത്തിൽ പങ്കെടുക്കുന്ന ഗുണഭോക്താക്കൾക്ക് റേഷൻകാർഡ് തിരുത്തൽ, ആദാർ പുതുക്കൽ, കർഷക പെൻഷൻ അപേക്ഷ സ്വീകരിക്കൽ, വനിതകൾക്കുള്ള സ്വയം തൊഴിൽ പദ്ധതികൾ, സൗജന്യ വൈദ്യപരിശോധന തുടങ്ങി വിവിധ സേവനങ്ങൾ ലഭ്യമാക്കി. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ മുരുകേശൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ലൈഫ് മിഷൻ ജില്ലാ കോഡിനേറ്റർ കെ.പ്രവീൺ വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളിപീറ്റർ, ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരായ ദീപാ രാജീവ്,ജോർജ്ജ് ജോസഫ്,റ്റി ആർ ബിജി, തുളസീഭായ് കൃഷ്ണൻ, മേഴ്സി തോമസ്, പി.എ.യു.പ്രോജക്ട് ഡയറക്ടർ സാജു സെബാസ്റ്റ്യൻ, ബി.ഡി ഒ പ്രവീൺ വാസു, മുഹമ്മദ് സബീർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ,വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.