ഇടുക്കി : എല്ലാവിധത്തിലുമുള്ള പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ ജനങ്ങൾക്കു സഹായം എത്തിക്കുന്നതിനായി സാമൂഹികസന്നദ്ധ സേന രൂപീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്ത് 3.40 ലക്ഷം പേർ ഉൾപ്പെടുന്ന സേനയ്ക്കാണ് രൂപം നൽകുന്നത്. 100 പേർക്ക് ഒരാൾ എന്ന നിലയിൽ സന്നദ്ധ പ്രവർത്തകർ ഉണ്ടാകും. 16നും 65നും ഇടയിൽ പ്രായമുള്ള ഏതൊരു വ്യക്തിക്കും സേനയിൽ അംഗമാകാം. സേനാംഗങ്ങൽക്കു പരിശീലനം നൽകാനായി ഒരു മുഖ്യപരിശീലകൻ ഉണ്ടാകും. സംസ്ഥാനതല സംവിധാനത്തിന് പുറമെ ജില്ലാതലത്തിൽ ജില്ലാകലക്ടറുടെ അദ്ധ്യക്ഷതയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടുന്ന സ്റ്റിയറിംഗ് കമ്മിറ്റിയും ഉണ്ടാകും. സേനയിൽ പങ്കെടുക്കുന്നവിദ്യാർത്ഥികൾക്ക് അവരുടെ സേവനത്തിന് പ്രത്യേക സാക്ഷ്യപത്രം നൽകുന്നത് കൂടാതെ അവരുടെ പാഠ്യേതര പ്രവർത്തനമായി പരിഗണിക്കുന്നതുമാണ്. സാമൂഹിക സന്നദ്ധ സേനാംഗങ്ങളാകാൻ ആഗ്രഹിക്കുന്നവർ സംസ്ഥാന ദുരന്ത പരിപാലന അതോറിറ്റി ആരംഭിക്കുന്ന ഓൺലൈൻ പോർട്ടൽ വഴി ജനുവരി 31നകം പേര് രജിസ്റ്റർ ചെയ്യണം. ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം.
ജില്ലയിൽ അമ്പതു പരിശീലകരുണ്ടായിരിക്കും. ജില്ലയിലെ വ്യത്യസ്ത 10 കേന്ദ്രങ്ങളിൽ ബാച്ചുകളായി സേനാംഗങ്ങൾക്കുള്ള പരിശീലനം നൽകും. സന്നദ്ധ സാമ്പത്തിക സഹായം ലഭ്യമാകുന്ന മുറയ്ക്ക് സേനാംഗങ്ങൾക്ക് പ്രത്യേക യൂണിഫോമും മൊബൈൽ സിംകാർഡും നൽകും. ഫെബ്രുവരി 1 മുതൽ 28വരെയാണ് മുഖ്യ പരിശീലകർക്കുള്ള ജില്ലാതല ശിൽപശാല.