തൊടുപുഴ: കുളമാവിന്റെ വികസനത്തിന് ഏറെ സഹായകരമായ കുളമാവ് കോട്ടമല റോഡിലൂടെയുള്ള സഞ്ചാരം തടയുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഷേധ സമീപനത്തിനെതിരെ സിപിഐ നേതൃത്വത്തിൽ കുളമാവ് ഫോറസ്റ്റ് ഓഫീസിലേക്ക് ഇന്ന് മാർച്ചും ധർണയും നടത്തും. തൊടുപുഴയിൽ നിന്ന് വാഗമണ്ണിലേക്കും വാഗമണ്ണിൽ നിന്ന് ജില്ലാ ആസ്ഥാനത്തേക്കും എളുപ്പം എത്താൻ കഴിയുന്ന കോട്ടമല കുളമാവ്
റോഡ് തുറന്നു കൊടുക്കാതെ വനം വകുപ്പ് ഉദ്യോഗസ്ഥർ തടസ വാദങ്ങൾ ഉന്നയിച്ചു വരുകയാണ്. നിരവധിയായ പരാതികളും നിവേദനങ്ങളും നൽകിയിട്ടും ഉദ്യോഗസ്ഥർ നിസംഗതാ മനോഭാവം തുടരുകയാണ്. അവസാനം ജില്ലാ കളക്ടർ ഇടപെട്ട് റോഡിലെ തടസം ഒഴിവാക്കാൻ നിർദ്ദേശം നൽകിയെങ്കിലും നിഷേധാത്മകമായ സമീപനമാണ്
വനംവകുപ്പ്ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്. ഈ റോഡിലൂടെ യാത്ര ചെയ്യുന്ന ആദിവാസികൾ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഇത്തരം നിലപാടിൽ പ്രതിഷേധിച്ചാണ് സിപിഐ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 11ന് സിപിഐ സംസ്ഥാന കമ്മിറ്റി അംഗം കെ സലിം കുമാർ ഉദ്ഘാടനം ചെയ്യും. പി പി ജോയി, സുനിൽ സെബാസ്റ്റ്യൻ, ഗീതാതുളസീധരൻ, ആർ തുളസീധരൻ, എം ബി സണ്ണി തുടങ്ങിയവർ സംസാരിക്കും.