കട്ടപ്പന: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ സമയപരിധി അവസാനിച്ചശേഷമുള്ള ആദ്യദിനത്തിൽ വ്യാപാരികൾ വലഞ്ഞു. ഇറച്ചി, മത്സ്യ വിൽപന കേന്ദ്രങ്ങളിലാണ് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഇവിടങ്ങളിൽ ഇന്നുമുതൽ തുണിസഞ്ചി നൽകിത്തുടങ്ങി. മുമ്പ് ഒരു കൂടായിരുന്നുവെങ്കിൽ ഇപ്പോൾ രണ്ട് തുണിസഞ്ചി വേണ്ടിവരുന്നു. ഇറച്ചി ഒരു തുണിസഞ്ചിയിലാക്കി പുറമേ പേപ്പറിൽ പൊതിഞ്ഞ് വീണ്ടുമൊരു സഞ്ചിയിലാക്കി നൽകേണ്ട സ്ഥിതിയാണ്. മത്സ്യം നൽകുന്നതും ഇങ്ങനെയാണ്. വെള്ളത്തിൽ നനഞ്ഞ് സഞ്ചി പെട്ടെന്നു കീറിപ്പോകുന്നതും പ്രശ്നമാണ്. ഒരു തുണിസഞ്ചിക്ക് നാലുരൂപയാണ് വില. എന്നാൽ ഉപഭോക്താവിൽ നിന്നു സഞ്ചിയുടെ വില ഈടാക്കാനാകാത്ത സ്ഥിതിയാണ്. അരക്കിലോ തുണിസഞ്ചിയുടെ വില 130 രൂപയാണ്.