കുമളി: പുല്ലുമേട്ടിൽ മകരവിളക്ക് കണ്ടു മടങ്ങിയ അയ്യപ്പഭക്തർക്ക് യാത്രാ സൗകര്യം ഒരുക്കിയ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കുള്ള ഭക്ഷണവും കുടിവെള്ളവും വനംവകുപ്പ് വള്ളക്കടവ് ചെക്പോസ്റ്റിൽ തടഞ്ഞുവച്ചതായി ആരോപണം. ജില്ലാ കളക്ടർ വിളിച്ചു ചേർത്ത ശബരിമല അവലോകന യോഗത്തിന്റെ തീരുമാനപ്രകാരമാണ് വിവിധ ഡിപ്പോകളിൽ നിന്നായി 60 ബസുകൾ കുമളി ഡിപ്പോയിൽ എത്തിച്ച് രാവിലെ മുതൽ തന്നെ കോഴിക്കാനത്തേക്ക് സർവീസ് ആരംഭിച്ചത്. ഈ ബസിലെ ജീവനക്കാർക്ക് ഭക്ഷണവും കുടിവെള്ളവുമായി പോയ കെ.എസ്.ആർ.ടി.സിയുടെ മൊബൈൽ വാൻ,​ ടയറും സ്‌പെയർ പാർട്‌സുമായി പോയ വർക്ക്‌ഷോപ്പ് വാൻ,​ വിജിലൻസ് വിഭാഗത്തിന്റെയും മേലുദ്യോഗസ്ഥരുടെയും വാഹനങ്ങൾ എന്നിവ മണിക്കൂറുകൾ ചെക്പോസ്റ്റിൽ തടഞ്ഞതായാണ് ആക്ഷേപമുയർന്നിരിക്കുന്നത്. ബേക്കറിയിൽ നിന്ന് പാക്ക് ചെയ്ത ബ്രഡുകൾ തുണി സഞ്ചിയിലാക്കി ഉപയോഗശൂന്യമാക്കിയെന്നും കുപ്പിവെള്ളം പിടിച്ചുവച്ചെന്നും കെ.എസ്.ആർ.ടി.സി ജീവനക്കാർ പറയുന്നു. ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞിട്ടും ഭക്ഷണവും വെള്ളവും ലഭിക്കാതെ വന്നതിനെ തുടർന്ന് ജീവനക്കാർ പ്രതിഷേധിച്ചു. തുടർന്ന് ജില്ലാ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടതിനെ തുടർന്നാണ് കുടിവെള്ളം വിട്ടുനൽകാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറായത്. വാഹനങ്ങൾ തടഞ്ഞുവച്ച വണ്ടിപ്പെരിയാർ വള്ളക്കടവ് വനംവകുപ്പ് ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥരുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ആർ.ടി എംപ്ലോയിസ് അസോസിയേഷൻ (സി.ഐ.ടി.യു) ജില്ലാ ക്കമ്മറ്റി ആവശ്യപ്പെട്ടു.