ഇടുക്കി: കുമളിയിലെ ഒട്ടകത്തലമേട്ടിൽ സ്വകാര്യവ്യക്തി നിർമിച്ച ഹെലിപാഡിൽ ഹെലികോപ്ടർ ലാൻഡിംഗിന് കളക്ടർ അനുമതി നിഷേധിച്ചു. 1964ലെ പട്ടയ നിയമപ്രകാരം വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതിയില്ലാത്ത ഭൂമിയിലാണ് ഹെലിപാഡിന്റെ നിർമാണം പൂർത്തിയാക്കിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. സംഭവത്തിൽ പീരുമേട് തഹസിൽദാറോട് ജില്ലാ കളക്ടർ റിപ്പോർട്ട് തേടി. കുമളി ഒട്ടകത്തലമേട് സ്വദേശിയിൽ നിന്ന് പാട്ടത്തിനെടുത്ത ഭൂമിയിലാണ് ഹെലിപാഡ് നിർമിച്ചത്. ഇന്നലെ ഇ.എസ്. ബിജിമോൾ എം.എൽ.എ ഉദ്ഘാടനം ചെയ്ത് സർവീസ് ആരംഭിക്കാനിരിക്കുകയായിരുന്നു. എന്നാൽ ഹെലി ടാക്‌സി സർവീസിന് അനുമതി നൽകരുതെന്ന് ചൂണ്ടിക്കാട്ടി പൊലീസും കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് സമുദ്രനിരപ്പിൽ നിന്ന് 1300 മീറ്ററോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ഹെലിപാഡ് നിർമിച്ചത്.