കോട്ടയം: എസ്.എൻ.ഡി.പി യോഗം നേതൃത്വത്തിനെതിരായി സുഭാഷ് വാസുവും ടി..പി സെൻകുമാറും നടത്തുന്ന പ്രവർത്തനങ്ങളിൽ ജില്ലാ യൂത്ത് മൂവ്‌മെന്റ് കോ-ഓർഡിനേഷൻ കമ്മിറ്റി പ്രതിഷേധിച്ചു. മാവേലിക്കര മുൻ യൂണിയൻ പ്രസിഡന്റായിരുന്ന സുഭാഷ് വാസു യോഗം നേതൃത്വത്തിന്റെ ഇടപെടിലുകളിലൂടെയാണ് ഉന്നത പദവികളിൽ എത്തിയത്. ഡി..ജി..പിയായിരുന്നപ്പോൾ ഇടപെടാത്ത അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഇപ്പോൾ ഉന്നയിക്കുന്നത്. ഇരുവരും ചേർന്നുള്ള ജൽപ്പനങ്ങൾ സമൂഹം അർഹിക്കുന്ന അവഗണനയോടെ തള്ളികളയും. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേത്യത്വത്തിൽ നേടിയ സാമൂഹിക, സാമുദായിക, സാമ്പത്തിക, വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലെ നേട്ടങ്ങൾ യോഗചരിത്രത്തിലെ അത്ഭുതകരമായ വളർച്ചയുടെ സാക്ഷ്യമാണ്. അഭിപ്രായ വ്യത്യാസം തുറന്നു പറയാൻ വേദികളുള്ളപ്പോൾ ഇപ്പോൾ നടത്തുന്ന പരസ്യ പ്രസ്താവനകൾ ദുരുദ്ദേശപരമാണ്. വിവിധ അന്വേഷണ ഏജൻസികൾ പരിശോധിച്ച് വസ്തുതയില്ലെന്ന് കണ്ടെത്തിയ ആരോപണങ്ങളാണ് ഇവർ വീണ്ടും ഉന്നയിക്കുന്നത്. ആവശ്യമെങ്കിൽ ഇതു സംബന്ധിച്ച് നിയമനടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ കമ്മിറ്റി ചെയർമാൻ ലാലിറ്റ് എസ് തകടിയേൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി.ആർ. റെജികുമാർ സ്വാഗതവും ട്രഷറർ ശ്രീദേവ് കെ. ദാസ് നന്ദിയും പറഞ്ഞു. വൈക്കം, കടുത്തുരുത്തി, തലയോലപ്പറമ്പ്, കോട്ടയം , ചങ്ങനാശ്ശേരി, ഹൈറേഞ്ച്, മീനച്ചിൽ, എരുമേലി യൂണിയനുകളിലെ യൂത്ത് മൂവ്‌മെന്റ് യൂണിയൻ ഭാരവാഹികൾ പങ്കെടുത്തു.