പരപ്പാംതോട് ശുചീകരണം ഇന്ന്
മുട്ടം: പഞ്ചായത്തിലെ പരപ്പാംതോടിനെ വീണ്ടെടുക്കാനുള്ള യത്‌നത്തിൽ പങ്കാളികളാകാൻ നാടിനൊപ്പം മുട്ടത്തെ ജില്ലാ ജയിൽ അന്തേവാസികളും. നാശോന്മുഖമായ നീർച്ചാലുകൾക്ക് പുതുജീവൻ നൽകാനായി ഹരിതകേരളം മിഷൻ ആവിഷ്‌കരിച്ച 'ഇനി ഞാൻ ഒഴുകട്ടെ' പദ്ധതിയിലാണ് പുഴ വീണ്ടെടുക്കുന്നതിനായി തടവിൽ കഴിയുന്നവരും സന്നദ്ധസേവനത്തിനിറങ്ങുന്നത്. ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി, ജില്ലാ ജയിൽ മുട്ടം പഞ്ചായത്ത് എന്നിവ സംയുക്തമായാണ് പരപ്പാംതോടിനെ ശുചീകരിച്ച് പുനരുജ്ജീവിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. ജയിൽ ഉദ്യോഗസ്ഥർ, പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകേരളം പ്രവർത്തകർ, മുട്ടം സ്‌റ്റേഷനിലെ പൊലീസുകാർ തുടങ്ങിയവരും ഇന്ന് രാവിലെ എട്ടിന് മുട്ടം വിജിലൻസ് ഓഫിസിനടുത്ത് തോട്ടിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകും. ജയിലിന് പിന്നിൽ വരെയുള്ള ഒരു കിലോ മീറ്ററോളം ഭാഗമാണ് വൃത്തിയാക്കുന്നത്. ജയിൽ സൂപ്രണ്ട് കെ.ബി. അൻസാറിന്റെ മുൻകൈയിലാണ് ഇത്തരമൊരു പരിപാടി രൂപംകൊണ്ടത്. പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ അദ്ധ്യക്ഷയാവുന്ന ചടങ്ങിൽ ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി ചെയർമാൻ കൂടിയായ ജില്ലാ സെഷൻസ് ജഡ്ജി മുഹമ്മദ് വസിം ഉദ്ഘാടനം ചെയ്യും. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ദിനേശ് എം. പിള്ള, ജയിൽ സൂപ്രണ്ട് കെ.ബി. അൻസാർ, ഹരിതകേരളം മിഷൻ കോ- ഓർഡിനേറ്റർ ഡോ. ജി.എസ്. മധു എന്നിവർ പങ്കെടുക്കും.