cardamom
പച്ച നിറത്തിലുള്ള നെറ്റ് ഉപയോഗിച്ച് ഏലച്ചെടികൾക്ക് തണലൊരുക്കിയപ്പോൾ

കട്ടപ്പന: വേനൽ കടുത്തതോടെ ഏലച്ചെടികൾക്ക് തണലൊരുക്കി കർഷകർ. പകൽച്ചൂട് ഏറുകയും ജലസ്രോതസുകളിൽ നീരൊഴുക്ക് കുറയുകയും ചെയ്തതോടെയാണ് പച്ചനിറത്തിലുള്ള നെറ്റ് വലിച്ചുകെട്ടി ചെടികൾക്ക് സംരക്ഷണമൊരുക്കുന്നത്. മുൻവർഷങ്ങളിലും ഇതേരീതിയിൽ സംരക്ഷണമൊരുക്കിയിരുന്നു. കഴിഞ്ഞ രണ്ടുവർഷങ്ങളിലും വേനൽക്കാലത്ത് ഹെക്ടർ കണക്കിനു സ്ഥലത്തെ ഏലച്ചെടികൾ കരിഞ്ഞുണങ്ങി നശിച്ചിരുന്നു. പ്രളയങ്ങൾക്കുശേഷമുണ്ടായ വരൾച്ചയിൽ ജലസ്രോതസുകൾ വറ്റിവരണ്ടതോടെ ചെറുകിട തോട്ടങ്ങളിൽ ജലസേചനം പൂർണമായി നിലച്ചസ്ഥിതിയായിരുന്നു. ഏലച്ചെടികൾ കരിഞ്ഞുണങ്ങിയതോടെ ഭീമമായ നഷ്ടമാണ് കർഷകർക്കുണ്ടായത്. മുൻവർഷങ്ങളിലെ സാഹചര്യം മുന്നിൽക്കണ്ടാണ് ഇത്തവണ വേനൽ രൂക്ഷമാകുന്നതിനുമുമ്പ് കൃത്രിമമായി തണലൊരുക്കിത്തുടങ്ങിയത്.
പുരയിടങ്ങളിൽ വെയിൽ കൂടുതലായി പതിക്കുന്ന സ്ഥലങ്ങളിലാണ് ഇപ്പോൾ നെറ്റ് വിരിച്ച് തണലൊരുക്കുന്നത്. വരൾച്ച രൂക്ഷമാകുന്നതോടെ കൂടുതൽ സ്ഥലങ്ങളിൽ തണലൊരുക്കേണ്ടിവരും. വിലയിലെ മുന്നേറ്റത്തിൽ പ്രതീക്ഷയർപ്പിച്ച് കർഷകർ ഏലംകൃഷി വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ജലസ്രോതസുകളിൽ നീരൊഴുക്ക് കുറഞ്ഞുതുടങ്ങി. തോടുകളിൽ നിന്നും പുഴകളിൽ നിന്നും ജലമൂറ്റിയാണ് വൻകിട തോട്ടങ്ങളിൽ ജലസേചനം നടത്തിവരുന്നത്.

വിലയേറെ എങ്കിലും

മരങ്ങൾ കുറവുള്ള ഒരു ഏക്കർ സ്ഥലത്ത് നെറ്റ് ഉപയോഗിച്ച് തണലൊരുക്കാൻ 55,000 രൂപയോളം ചെലവാകും. 50 മീറ്റർ നീളമുള്ള ഒരു റോൾ നെറ്റിന് 1600 മുതൽ 1800 രൂപ വരെയാണ് വില. മരങ്ങളില്ലാത്ത സ്ഥലങ്ങളിൽ നെറ്റ് വലിച്ചുകെട്ടാൻ കോൺക്രീറ്റിൽ പൈപ്പ് സ്ഥാപിക്കണം. കൂടാതെ കയർ, കമ്പി, തൊഴിലാളികളുടെ കൂലി ഇവയെല്ലാം കണക്കാക്കുമ്പോൾ വലിയ ചെലവാണെങ്കിലും കർഷകർ പിന്നോട്ടില്ല. ഏലക്കായുടെ പൊന്നുംവിലയിലാണ് കർഷകരുടെ പ്രതീക്ഷ.

ഏലക്കാ വില ഉയരുന്നു

ഏലക്കാ സീസൺ അവസാനിച്ചതോടെ വില കുത്തനെ ഉയരുകയാണ്.

ഈ സീസണിൽ സ്‌പൈസസ് ബോർഡിലെ ഇലേലത്തിൽ ശരാശരി വില കിലോഗ്രാമിന് 4000 രൂപ കടന്നിരുന്നു. കഴിഞ്ഞദിവസം പൊങ്കൽ അവധിയോടനുബന്ധിച്ച് വിലയിൽ 400 രൂപയുടെ കുറവുണ്ടായെങ്കിലും കഴിഞ്ഞദിവസങ്ങളിൽ വീണ്ടും ഉയർന്നു. മഴ പെയ്തില്ലെങ്കിൽ വില വീണ്ടും ഉയരുമെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ.