മറയൂർ: ശബരി പഴനി തീർത്ഥാടന പാതയുടെ ഭാഗമായ മറയൂർ മൂന്നാർ പാതയിലെ ടാറിങ്ങിൽഅപാകതയെന്ന് ആക്ഷേപം. റബറൈസ്ഡ് ടാറിങ്ങ് നടത്തി ഒരു ദിവസത്തിനകം മെറ്റിലുകൾ ഇളകി തെറിക്കുന്നതായിട്ടാണ് പരാതി ഉയർന്നിരിക്കുന്നത്. മൂന്നാർ മറയൂർ പാതയിൽ 40 കിലോമീറ്റർ ദൂരം 19.8 കോടി രൂപയുടെ പ്രവൃത്തിയാണ് നടന്നു വരുന്നത്. എട്ടാംമൈൽ മുതൽ നയമക്കാട് വരെയുള്ള പ്രദേശങ്ങളിലാണ് ടാറിങ്ങ് ഇപ്പോൾ നടന്നുവരുന്നത്.ഈ മേഖലയിലാണ് മെറ്റിലുകൾ ഒറ്റ ദിവസം കൊണ്ട് ചിതറിയത്. പാത റബറൈസ്ഡ് ചെയ്തു വരുന്നുണ്ടെങ്കിലും റോഡിലേക്ക് ഒഴുകി വരുന്ന വെള്ളം മാറ്റി വിടുവാനോ, തകർന്ന കലുങ്കുകൾ പുതുക്കിപ്പണിയുന്നതിനോ നടപടികളൊന്നും സ്വീകരിക്കുന്നില്ല. നിലവിലുള്ള വീതിയിൽ റോഡിന്റെ മുകളിൽ എട്ട് സെന്റീമീറ്റർ കനത്തിൽ ടാറിംഗ് ചേർത്ത മെറ്റിലും ചിപ്‌സും നിരത്തുന്നു എന്നത് മാത്രമാണിപ്പോൾ നടക്കുന്നത്.റോഡിലേക്ക് വെള്ളം കയറാതെ അഴുക്കുചാലുകൾ നിർമിക്കുന്നതിനും നടപടി ഇതുവരെ എടുത്തിട്ടില്ല. പുതിയ ടാറിംഗ് വന്നതോടുകൂടി പലഭാഗത്തും വളരെ ഉയരത്തിലാണ് കട്ടിംഗുകൾ രൂപം കൊണ്ടിരിക്കുന്നത്. ഇത് അപകട സാദ്ധ്യത വർധിപ്പിക്കുകയാണ്