കട്ടപ്പന: എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിക്കും പൂർണ പിന്തുണയുമായി ജില്ലയിലെ ഏഴു യൂണിയനുകളും. യോഗത്തിനും നേതാക്കൾക്കുമെതിരെ ചിലർ നടത്തുന്ന കുപ്രചരണങ്ങൾ വിലപ്പോകുന്നതല്ലെന്നും ജനം പുച്ഛിച്ചുതള്ളുമെന്നും യൂണിയൻ ഭാരവാഹികൾ കട്ടപ്പനയിൽ പറഞ്ഞു. മാവേലിക്കര എൻജിനീയറിംഗ് കോളജിൽ നിന്നും മാവേലിക്കര യൂണിയനിൽ നിന്നുമായി കോടികൾ തട്ടിയ സുഭാഷ് വാസുവിനെതിരെ നിയമനടപടി ആരംഭിച്ചതിൽ വിറളിപൂണ്ടാണ് അധികാരമോഹിയായ സെൻകുമാറിനൊപ്പം ചേർന്ന് നുണപ്രചരണം ആരംഭിച്ചിരിക്കുന്നത്. ഇവർക്ക് ചില യൂണിയനുകളുടെ പിന്തുണയുണ്ടെന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ കേരളത്തിലെ മുഴുവൻ യൂണിയനുകളും വെള്ളാപ്പള്ളി നടേശനും നേതൃത്വത്തിനും പിന്തുണയറിയിച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ കാൽനൂറ്റാണ്ടായി എസ്.എൻ.ഡി.പി. യോഗത്തെ ഏറ്റവും പ്രബല സംഘടനയാക്കി വളർത്തിയതിൽ വെള്ളാപ്പള്ളി നടേശൻ നൽകിയ സംഭാവനകൾ അഭിമാനാർഹമാണ്. വിദ്യാഭ്യാസ മേഖലയിലും മൈക്രോഫിനാൻസ് വഴി സാമ്പത്തിക മേഖലയിലും സംഘടനാതലത്തിലും അദ്ദേഹം യോഗത്തിനും അംഗങ്ങൾക്കും നൽകിയിട്ടുള്ള സേവനങ്ങൾ വിലമതിക്കാനാകാത്തതാണ്. സമുദായം ഒറ്റക്കെട്ടായി വെള്ളാപ്പള്ളടി നടേശനും തുഷാർ വെള്ളാപ്പള്ളിക്കും പിന്നിൽ ഉണ്ടാകുമെന്നും നേതാക്കൾ അറിയിച്ചു.
രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ, മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപിവൈദ്യർ, അടിമാലി യൂണിയൻ പ്രസിഡന്റ് അനിൽ തറനിലം, ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ, നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത്, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ അഡ്വ. പി.ആർ. മുരളീധരൻ, രാജാക്കാട് യൂണിയൻ സെക്രട്ടറി ലതീഷ്, മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, അടിമാലി യൂണിയൻ സെക്രട്ടറി സുനു രാമകൃഷ്ണൻ, തൊടുപുഴ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ വി.ജയേഷ്, നെടുങ്കണ്ടം യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, പീരുമേട് യൂണിയൻ സെക്രട്ടറി ബിജു എന്നിവർ പങ്കെടുത്തു.