തൊടുപുഴ: വാഹനപരിശോധനയുണ്ടെന്നറിഞ്ഞാൽ അതുവഴിയെങ്ങും പോകില്ല, കാണുന്നവർക്കെല്ലാം പരിശോധനയുണ്ടെന്ന സിഗ്നലും നൽകും. ഇത്തരം പതിവ് കളാപരിപാടികൾ നടത്തുന്ന വിരുതന്മാർക്ക് മുട്ടൻ പണി നൽകാൻ ഒരുത്തൻ നിരത്തിലിറങ്ങിയിട്ടുണ്ട്- ഇന്റർസെപ്ടർ. വേഗത മാത്രം അളക്കുന്ന പഴയ ഇന്റർസെപ്ടറല്ല ഇത്. ആധുനിക ഉപകരണങ്ങളടങ്ങിയ പുതിയ ഇന്റർസെപ്ടറിന് ഒന്നര കിലോമീറ്റർ അകലെ വരെയുള്ള വാഹനങ്ങളുടെ വേഗം അളക്കാനാകും. നേരത്തെ ഏതെങ്കിലും ഒരു വാഹനത്തിന്റെ വേഗത മാത്രമായിരുന്നു അളക്കാനാകുക. പക്ഷേ, ഇപ്പോൾ കാർ, ബൈക്ക്, ലോറി തുടങ്ങി ഓരോന്നിന്റെയും വ്യത്യസ്തമായി അളക്കാനാകും. മാത്രമല്ല റഡാറും വിവിധ മീറ്ററുകളുമടക്കം ഒരു പിടി പുതിയ സംവിധാനങ്ങളടങ്ങിയ ഒരു കൊച്ച് റോബോട്ട് തന്നെയാണ് 'ഇന്റർസെപ്ടർ വേർഷൻ 2.0". നിയമം തെറ്റിക്കുന്നവരെ ഓടിച്ചിട്ട് പിടിക്കുന്ന പഴയ രീതിയിൽ നിന്ന് മാറി ശാസ്ത്രീയ പരിശോധനാ സംവിധാനങ്ങളുപയോഗിച്ച് നിയമലംഘകരെ കണ്ടെത്തുകയാണ് ലക്ഷ്യം. ഡ്രൈവറടക്കം നാല് പേർക്ക് യാത്ര ചെയ്യാവുന്ന വാഹനത്തിന് 25 ലക്ഷം രൂപയാണ് മുടക്ക്. സേഫ് കേരള പദ്ധതിയുടെ ഭാഗമായുള്ള ആധുനിക വാഹനം ജില്ലയിലുമെത്തി. സംസ്ഥാന ഗതാഗത വകുപ്പ് പുറത്തിറക്കിയ 17 വാഹനങ്ങളിലൊന്നാണ് തൊടുപുഴയ്ക്ക് ലഭിച്ചത്. ആധുനിക ഉപകരണങ്ങളടങ്ങിയ വാഹനം ഉപയോഗിക്കാൻ ജില്ലയിലെ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും. നിലവിൽ ഇന്റർസെപ്ടർ തൊടുപുഴയിലെ നിരത്തിൽ വാഹനപരിശോധനയ്ക്ക് ഉപയോഗിക്കുന്നുണ്ട്.
പ്രധാന പ്രത്യേകതകൾ
1.5 കി.മി അകലെ വരെയുള്ള വാഹനങ്ങളുടെ വേഗം പ്രത്യേകം രേഖപ്പെടുത്തും
നമ്പർ പ്ലേറ്റ് തിരിച്ചറിയാനുള്ള സംവിധാനം
മുമ്പ് നിയമലംഘനത്തിൽപ്പെട്ട വാഹനം കണ്ടാൽ അലാറം മുഴങ്ങും
വാഹനത്തിന്റെ മുഴുവൻ വിവരങ്ങൾ അപ്പോൾ തന്നെ ലഭ്യമാകും.
പരിസര നിരീക്ഷണത്തിനുള്ള കാമറയുമുണ്ട്
അപകട സ്ഥലത്ത് നിർദേശങ്ങൾ നൽകാൻ മൈക്കുണ്ട്.
മീറ്ററുകളെല്ലാം ഒരു കുടക്കീഴിൽ
അതിതീവ്ര ലൈറ്റുകൾ ഘടിപ്പിക്കുന്നവരെ പിടികൂടാനുള്ള ലക്‌സ് മീറ്റർ, ഗ്ലാസുകളിലെ സൺഫിലിമിന്റെ കൃത്യത അളക്കാനുള്ള ടിന്റ് മീറ്റർ, മദ്യപിച്ച് യാത്ര ചെയ്യുന്നവരെ പിടികൂടാനുള്ള ആൽക്കോ മീറ്റർ, ഉയർന്ന ഡെസിബെൽ ഹോണുകൾ ഘടിപ്പിക്കുന്നവരെ പിടികൂടാനുള്ള സൗണ്ട് ലെവൽ മീറ്റർ എന്നിവയും വാഹനത്തിലുണ്ട്.
ഊതാതെ 'സംഗതി" പിടികിട്ടും
മദ്യപിച്ചവരെ ഇനി മുതൽ ഊതിക്കാതെ തിരിച്ചറിയാനുള്ള സംവിധാനവും ഇന്റർസെപ്ടറിലുണ്ട്. വാഹനത്തിലെ ആൽക്കോ മീറ്ററിനടുത്തെത്തുന്ന ഡ്രൈവർ സംസാരിച്ചയുടൻ മദ്യപിച്ചുണ്ടോ എന്നറിയാനാകും. അഞ്ച് മെഗാ പിക്സൽ കാമറ അടങ്ങിയ ഈ ഉപകരണം മദ്യപിച്ചെത്തുന്ന ഡ്രൈവർമാരുടെ ഫോട്ടോയും സമയവും സ്ഥലവും സഹിതം പിഴ രസീത് തയ്യാറാകും.