മുട്ടം: നിരവധി സർക്കാർ സ്ഥാപനങ്ങളാലും വ്യാപാര വ്യവസായ സ്ഥാപനങ്ങളാലും തൊടുപുഴയുടെ ഉപഗ്രഹ നഗരമായി വികസിക്കുന്ന മുട്ടത്ത് പുതിയ ബസ് സ്റ്റാൻഡ് വേണമെന്നുള്ള ആവശ്യം ശക്തമാകുന്നു. നിലവിൽ ബസ് സ്റ്റാൻഡ് ഉണ്ടെങ്കിലും പാലാ, ഈരാട്ടുപേട്ട റൂട്ടിലുള്ള ബസുകൾക്ക് മാത്രമാണ് ഇവിടെ പ്രവേശനം. സ്റ്റാൻഡ് പാലാ റൂട്ടിലായതിനാൽ തൊടുപുഴ- മൂലമറ്റം- ഇടുക്കി റൂട്ടിലെ ബസുകൾ ഇവിടെ പ്രവേശിക്കാറുമില്ല. മൂലമറ്റം, ചെറുതോണി ഭാഗത്ത് നിന്ന് തൊടുപുഴയ്ക്കും തൊടുപുഴ ഭാഗത്ത് നിന്ന് മൂലമറ്റം, ചെറുതോണി തുടങ്ങിയ പ്രദേശങ്ങളിലേക്കും പോകുന്ന ബസുകൾ മുട്ടം ടൗണിൽ നിറുത്തിയാണ് യാത്രക്കാരെ കയറ്റിയിറക്കുന്നത്. നിലവിലുള്ള ബസ് സ്റ്റാൻഡ് ടാക്‌സി സ്റ്റാൻഡ് കൂടിയാണ്. വിവിധ മേഖലകളിൽ നിന്ന് മുട്ടത്ത് എത്തി ബസ് മാറി യാത്ര ചെയ്യേണ്ട യാത്രക്കാരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. എല്ലാ യാത്രക്കാർക്കും പ്രയോജനകരമായ രീതിയിൽ മുട്ടം കോടതി കവലയിൽ ഒരു ബസ് സ്റ്റാൻഡ് നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.
മുട്ടൻ കുരുക്ക്
തൊടുപുഴ- ഇടുക്കി, തൊടുപുഴ- ഈരാറ്റുപേട്ട- കാഞ്ഞിരപ്പള്ളി, തൊടുപുഴ- പാലാ തുടങ്ങിയ റോഡുകളുടെ സംഗമ കേന്ദ്രമാണ് മുട്ടം ടൗൺ. അതിനാൽ മിക്കപ്പോഴും ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ശബരിമല സീസണായാൽ സ്ഥിതി നിയന്ത്രണാതീതമാണ്. ഇത്രയും പ്രദേശങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കടന്നുപോകുന്നതിനുള്ള വീതിയുള്ള റോഡ് പോലും ഇവിടില്ല. നടപ്പാതയില്ലാത്തതിനാൽ കാൽ നടയാത്രക്കാരും റോഡിലൂടെ വേണം നടക്കാൻ.
കോടതി കവലയിൽ ആയാലെന്താ
എൻജിനിയറിംഗ് കോളേജടക്കമുള്ള വിദ്യാലയങ്ങളിൽ നിന്നും കോടതി, ജില്ലാ ഹോമിയോ ആശുപത്രി, വ്യവസായ പാർക്ക്, മലങ്കര ടൂറിസ്റ്റ് ഹബ് തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളിൽ നിന്നുമുള്ള യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത് കോടതി കവലയിലാണ്. ഇതിനു സമീപത്തായി ഒരു ബസ് സ്റ്റാൻഡ് വന്നാൽ എല്ലാറൂട്ടുകളിൽ നിന്ന് വരുന്ന ബസുകൾക്ക് ഇവിടെ പ്രവേശിക്കാനാകും.
ഏറ്റവും കൂടുതൽ ആളുകൾ ബസ് കാത്ത് നിൽക്കുന്ന കോടതി കവല കേന്ദ്രീകരിച്ച് പുതിയ ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കാം
കോടതി കവലയ്ക്ക് സമീപത്തുള്ള എം.വി.ഐ.പി വക സ്ഥലം ഇതിനായി ഉപയോഗിക്കാം
എം.വി.ഐ.പി ഓഫീസ് പുതിയ കെട്ടിടത്തിൽ പ്രവർത്തിപ്പിക്കാം
മുട്ടത്തെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരവുമാകും