ചെറുതോണി: നിർധന കുടുബത്തിന് വീട് നിർമിച്ചു നൽകി അയർലെന്റിലെ മലയാളി കൂട്ടായ്മ മാതൃകയാകുന്നു. തടിപ്പണിക്കാരനായിരുന്ന കൊച്ചു കരിമ്പൻ നട്ടാർവേലിൽ ജോൺസൻ ജോസിനും കുടുംബത്തിനുമാണ് വീട് നിർമിച്ചു നൽകുന്നത്. 2017ൽ സ്‌ട്രോക്ക് വന്ന് തളർന്ന് ചികിത്സയ്ക്കായി തന്റെ സമ്പാദ്യം മുഴുവൻ ചിലവഴിച്ചിട്ടും രോഗം ഭേദമായില്ല. തുടർ ചികിത്സയ്ക്കായി കടം വാങ്ങിയതിനെത്തുടർന്ന് കടക്കെണിയിലുമായി. ഇതിനിടെ 2018ൽ ഉണ്ടായ പ്രകൃതിദുരന്തം മൂലം വീടിന്റെ ഒരു ഭാഗം ഇടിഞ്ഞ് വാസയോഗ്യമല്ലാതായി. വീടു പണിയുന്നതിനും ചികിത്സാ സഹായത്തിനുമായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങിയെങ്കിലും സഹായം ലഭിച്ചില്ല. വിദ്യാർത്ഥികളായ രണ്ടു മക്കളടക്കമുള്ള കുടുംബത്തിന്റെ ദയനീയ സ്ഥിതി മനസിലാക്കിയ വാഴത്തോപ്പ് ആരാധനാമഠം വീട് വയ്ക്കാനായി അഞ്ചുസെന്റ് സ്ഥലം സൗജന്യമായി നൽകി. തുടർന്ന് അയർലൻഡിലെ വിവിധ ഭാഗങ്ങളിലുള്ള 10 മലയാളി കുടുബങ്ങൾ ചേർന്ന് തങ്ങളുടെ ആഘോഷങ്ങൾ ഒഴിവാക്കി സമാഹരിച്ച തുക കൊണ്ട് ഈ സ്ഥലത്ത് ഒരു സുന്ദര ഭവനം നിർമിച്ചു നൽകുകയായിരുന്നു. യാതൊരു വിധ പരസ്യങ്ങളോ പേരോ ആഗ്രഹിക്കാത്ത ഈ പത്തു കുടുംബങ്ങൾ എട്ട് മാസങ്ങൾ കൊണ്ടാണ് തുക കണ്ടെത്തി നിർമാണം പൂത്തീകരിച്ചത്. ജോൺസന്റയും ഭാര്യ മേരിയുടെയും ഭവനത്തിന്റെ വെഞ്ചിരിപ്പ് ഇന്ന് വൈകിട്ട് നാലിന് ഇടുക്കി രൂപതാദ്ധ്യക്ഷൻ മാർ. ജോൺ നെല്ലിക്കുന്നേൽ നിർവ്വഹിക്കും. അഡ്വ.ഡീൻ കുര്യാക്കോസ് എ.പി താക്കോൽദാനം നിർവ്വഹിക്കും. റോഷി അഗസ്റ്റിൻ എം. എൽ. എ , റിൻസി സിബി, എന്നിവർ പങ്കെടുക്കും.