തൊടുപുഴ: എല്ലാവർക്കും ആരോഗ്യം എന്ന സന്ദേശവുമായി ഇടുക്കി നെഹ്‌റു യുവകേന്ദ്രയുടെ സഹകരണത്തോടെ ജില്ലാ യൂത്ത് ക്ലബ് യൂണിയൻ തൊടുപുഴ ഫുഡ്ക്രാഫ്‌റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച അയൽപക്ക യൂത്ത് പാർലമെന്റ് തൊടുപുഴ നഗരസഭ ചെയർപേഴ്‌സൺ പ്രൊഫ. ജെസി ആന്റണി ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ കെ. ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റൂട്ട് പ്രിൻസിപ്പൽ ആന്റണി സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ യൂത്ത് ക്ലബ്ബ് യൂണിയൻ ഭാരവാഹികളായ എൻ. രവീന്ദ്രൻ, സി.വി. പോൾ, എ.പി. മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടത്തിയ ഫിറ്റ് ഇന്ത്യ സൈക്കിൾ റാലി തൊടുപുഴ ഡിവൈ.എസ്.പി. കെ.പി. ജോസ് ഫ്ളാഗ് ഓഫ് ചെയ്തു. മങ്ങാട്ടുകവലയിൽ നിന്ന് ആരംഭിച്ച റാലി തൊടുപുഴ ഹൈറേഞ്ച് ജംഗ്ഷനിൽ സമാപിച്ചു.