തൊടുപുഴ: യുഡിഫ് ഭരണകാലത്ത് 20 കോടിയോളം മുടക്കി പണിപൂർത്തിയാക്കിയ തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡീൻ കുര്യാക്കോസ് എം.പി മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും കത്തു നൽകി. രണ്ട് വർഷം മുൻപ് തന്നെ ഉദ്ഘാടനം ചെയ്യാൻ കഴിയുമായിരുന്നു. ജില്ലയുടെ പ്രവേശനകവാടവും മൂന്നാർ, തേക്കടി, ഇടുക്കി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ദിവസേന നൂറുകണക്കിന് വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾ വന്നുപോകുന്നതുമായ തൊടുപുഴയുടെ സ്വപ്നപദ്ധതി കൂടിയായതൊടുപുഴ കെഎസ്ആർടിസി ഡിപ്പോയുടെ പണികൾ 2016ൽത്തന്നെ 80ശതമാനം പൂർത്തീകരിച്ചതാണ്. അനുവദിച്ചിരുന്ന ഫണ്ട് തികയാതെ വന്നപ്പോൾ തൊടുപുഴ എംഎൽഎ പി.ജെ ജോസഫ് 1.5കോടി രൂപ കൂടി അനുവദിച്ചിരുന്നു. കടമുറികൾ ലേലം ചെയ്ത ഇനത്തിൽ 1 കോടി രൂപയോളം ലഭിച്ചിട്ടുമുണ്ട്. കഴിഞ്ഞ ഏഴ് വർഷക്കാലമായി യാതൊരുവിധ സൗകര്യങ്ങളും ഇല്ലാത്ത മുനിസിപ്പൽ ലോറി സ്റ്റാൻഡിലാണ് താൽക്കാലിക ഡിപ്പോ പ്രവർത്തിച്ചു വരുന്നത്. പൊട്ടിപ്പൊളിഞ്ഞ ഗ്രൗണ്ട് മഴക്കാലത്ത് ചെളിയും വെള്ളക്കെട്ടും വേനൽക്കാലത്ത് പൊടിശല്യം മൂലവും യാത്രക്കാരും ജീവനക്കാരും വളരെയേറെ ബുദ്ധിമുട്ടുകയാണ്. കൂടാതെ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യമോ ഇരിക്കുന്നതിനുള്ള സൗകര്യമോ കുടിവെള്ള ലഭ്യതയോ ഇല്ലായെന്നതും തകർന്ന കെട്ടിടവും ബസ്സുകളുടെ റോഡ് സൈഡിലൂടെയുള്ള പാർക്കിംഗ് സ്ഥിതി കൂടുതൽ ദുഷ്കരമാകുന്നു. സർക്കാർ ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെട്ട് കെ.എസ്.ആർ.ടി.സി. ഡിപ്പോ തുറന്നുകൊടുത്ത് പ്രശ്നം പരിഹരിക്കണമെന്ന് എം.പി. കത്തിൽ ആവശ്യപ്പെട്ടു.