തൊടുപുഴ: വായിൽ തോന്നുന്നത് കോതയ്ക്കുപാട്ട് എന്ന നിലയിലുള്ള മന്ത്രി എം.എം. മണിയുടെ പ്രസംഗങ്ങൾ അവസാനിപ്പിച്ച് ഒരു മന്ത്രിയുടെ നിലവാരത്തിൽ സംസാരിക്കാൻ അദ്ദേഹം തയ്യാറാകണമെന്ന് കേരളാ കോൺഗ്രസ് (എം) ഇടുക്കി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് പറഞ്ഞു. ഇടുക്കി ജില്ലയിൽ പ്ലസ്ടു സ്‌കൂളുകൾ അനുവദിക്കുന്നതിന് പി.ജെ. ജോസഫ് എതിരായിരുന്നെന്നും സി.പി.എം ഇടപെട്ട് അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനെകൊണ്ട് സ്‌കൂളുകൾ അനുവദിച്ചെന്നുള്ള മന്ത്രി മണിയുടെ പ്രസ്താവന ശുദ്ധ അസംബന്ധമാണ്. സംസ്ഥാനത്ത് പ്ലസ്ടു സ്‌കൂളുകൾ അനുവദിച്ചത് 1986- 2001 കാലഘട്ടത്തിലാണ്. അന്ന് കേരളത്തിന്റെ മുഖ്യമന്ത്രി ഇ.കെ. നായനാരായിരുന്നു. പ്രീഡിഗ്രി കോളേജുകളിൽ നിന്ന് മാറ്റി ഹയർസെക്കൻഡറി സ്‌കൂളുകളാക്കി മാറ്റാൻ നിയമസഭയിൽ നിയമം കൊണ്ടുവന്നത് പി.ജെ. ജോസഫിന്റെ ഇടപെടലുകളുടെയും നിർബന്ധബുദ്ധിയുടെയും ദീർഘവീക്ഷണത്തിന്റെയും ഭാഗമായാണ്. സ്വകാര്യ മേഖലയിൽ പ്ലസ്ടു സ്‌കൂളുകൾ അനുവദിക്കുന്നതിൽ സി.പി.എം അനുകൂല നിലപാടുണ്ടായിരുന്നില്ല. എൽ.ഡി.എഫിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തിൽ അമ്പതുശതനമാനം സ്വകാര്യമേഖലയിലും അമ്പതുശതമാനം സർക്കാർ മേഖലയിലും അനുവദിക്കാൻ തീരുമാനമായിരുന്നു. ഇടുക്കി ജില്ലയിൽ 44 സ്‌കൂളുകളിൽ പ്ലസ് ടു ബാച്ചുകൾ ആരംഭിച്ചു. ഇക്കാര്യത്തിൽ അഴിമതി നടന്നിട്ടില്ലെന്ന് പകൽ പോലെ വ്യക്തമാണ്. 1996-2001-ലെ മുഖ്യമന്ത്രിയാരാണെന്നുപോലും ചിന്തിക്കാതെ മന്ത്രി പ്രസംഗിച്ചു നടക്കുന്നത് തികച്ചും നിർഭാഗ്യകരമാണെന്ന് ജേക്കബ് പറഞ്ഞു.