കരിങ്കുന്നം: വെള്ളം കോരുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണ 18കാരിയെ അഗ്നിശമന സേന രക്ഷിച്ചു. നെല്ലാപ്പാറാ അറയ്ക്കൽ ഷേർളിയുടെ മകൾ ഗോപികയാണ് (18) കിണറ്റിൽ വീണത്. ഇന്നലെ ഉച്ചയ്ക്ക് 12.45 നായിരുന്നു സംഭവം. തുണി കഴുകാനായി വെള്ളം കോരുന്നതിനിടെ പെൺകുട്ടി തെന്നി കിണറ്റിലേക്ക് വീഴുകയായിരുന്നു. 20 അടി ആഴമുള്ള കിണറ്റിൽ അഞ്ച് അടിയോളം വെള്ളമുണ്ടായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് തൊടുപുഴയിൽ നിന്ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. വലയും കയറും ഉപയോഗിച്ച് ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ മുബാറക്ക് കിണറ്റിൽ ഇറങ്ങി യുവതിയെ കരയ്ക്ക് കയറ്റി. യുവതിയുടെ രണ്ടു കാലിനും ഒടിവുണ്ട്. അഗ്നിശമന സേനയുടെ ആംബുലൻസിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലുമെത്തിച്ചു. തൊടുപുഴ ഫയർസ്റ്റേഷൻ അസി. സ്റ്റേഷൻ ഓഫീസർ പി.വി. രാജന്റെ മേൽനോട്ടത്തിൽ ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ (ഡ്രൈവർ) സാജു ജോസഫ്, വിജിൻ വി, എന്നിവരും ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർമാരായ എസ്.ഒ. സുഭാഷ്,​ പി.ജി. സജീവ്, രഞ്ജി കൃഷ്ണൻ, എസ്. അൻവർഷാൻ, എസ്. നൗഷാദ്, ആർ. നിതീഷ്, ജിൻസ് മാത്യു, ഹോം ഗാർഡ് മാത്യു ജോസഫ് എന്നിവർ ചേർന്നാണ് രക്ഷപ്പെടുത്തിയത്.