തൊടുപുഴ: ബി.ജെ.പി ഇടുക്കി ജില്ലാ പ്രസിഡന്റായി കെ.എസ്. അജിയെ തിരഞ്ഞെടുത്തു. നാലു പതിറ്റാണ്ടിലേറെക്കാലമായി സംഘപരിവാർ സംഘടനാ പ്രവർത്തനത്തിൽ സജീവ സാന്നിധ്യമായ അജി ജില്ലാ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. ആർ.എസ്.എസിന്റെ ആരവല്ലിക്കാവ് ശാഖയിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് വരുന്നുന്നത്. ആർ.എസ്.എസിന്റെ ശാഖാ മുഖ്യ ശിക്ഷക്, മണ്ഡൽ കാര്യവാഹ്, ഖണ്ഡ് കാര്യാവാഹ് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി, ബി.ജെ.പി തൊടുപുഴ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്, തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. തൊടുപുഴ നിയോജകമണ്ഡലത്തിൽ നിന്ന് ഒരു തവണ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. ദീനദയാ സേവാ ട്രസ്റ്റിന്റെ ഭാരവാഹിയും സജീവ പ്രവർത്തകനുമാണ്. ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷൻ ജില്ലാ സീനിയർ വൈസ് പ്രസിഡന്റും പെരുമ്പിള്ളിച്ചിറ സാന്ദീപനി എൽ.പി സ്‌കൂളിന്റെ മാനേജറുമാണ്. വീട്ടമ്മയായ രശ്മിയാണ് ഭാര്യ. വിദ്യാർത്ഥിയായ മാധവ് റാം ഏക മകനാണ്. തൊടുപുഴയിലുള്ള ബി.ജെ.പി ജില്ലാ കമ്മറ്റി ഓഫീസിൽ ഞായറാഴ്ചയായിരുന്നു തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. വരണാധികാരിയും ബി.ജെ.പി സംസ്ഥാന ട്രഷററുമായ എം.എസ്. ശ്യാംകുമാർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഐകകണ്ഠേനെയായിരുന്നു തിരെഞ്ഞെടുപ്പ്. പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്ത കെ.എസ്. അജിയെ സ്ഥാനം ഒഴിഞ്ഞ പ്രസിഡന്റ് ബിനു ജെ. കൈമൾ ഷാൾ അണിയിച്ച് അനുമോദിച്ചു. ബി.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറി കെ. സുഭാഷ്, ദക്ഷിണ മേഖലാ സംഘടനാ സെക്രട്ടറി എൽ. പത്മകുമാർ, ബിനു ജെ. കൈമൾ എന്നിവർ പ്രസംഗിച്ചു.