കട്ടപ്പന: മത്സ്യക്കൃഷിയിലെ ആദ്യവിളവെടുപ്പിൽ വലിയ ലാഭം കെവയ്ത് യുവ കർഷകൻ. നരിയംപാറ കടപ്ലാക്കൽ ടോവിയുടെ കുളത്തിലെ വിളവെടുപ്പിലാണ് 500ൽപ്പരം കിലോ മത്സ്യം ലഭിച്ചത്. പുരയിടത്തിലെ അരയേക്കർ വലുപ്പമുള്ള കുളത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ് മത്സ്യകൃഷിയാരംഭിച്ചത്. ഫിഷറീസ് വകുപ്പിൽ നിന്നു ലഭിച്ച 5000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഗിഫ്റ്റ് തിലോപ്പിയ, ഗോൾഡ് ഫിഷ്, ഗ്രാസ് കാർപ്പ്, കൊയ്കാർപ്പ് തുടങ്ങി വിപണിയിൽ ആവശ്യക്കാർ ഏറെയുള്ള മത്സ്യങ്ങളെ മികച്ച പരിപാലനത്തിലൂടെയാണ് വളർത്തിയെടുത്തത്. സ്വാഭാവിക നീരൊഴുക്കുള്ള കുളമായതിനാൽ ഓക്സിജന്റെയും അമോണിയത്തിന്റെയും അളവ് ക്രമീകരിക്കാൻ കൃതിമ സംവിധാനങ്ങൾ വേണ്ടി വന്നില്ല. തീറ്റപ്പുല്ല്, തവിട്, പപ്പായ ഇല എന്നിവയാണ് മത്സ്യങ്ങൾക്ക് പ്രധാനമായും തീറ്റയായി നൽകുന്നത്. വിളവെടുപ്പ് സമയത്ത് മത്സ്യം വാങ്ങാൻ നിരവധി പേർ എത്തിയിരുന്നു. നഗരസഭ കൗൺസിലർ സണ്ണി കോലോത്ത് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു മധുക്കുട്ടൻ, ഫിഷറീസ് അസിസ്റ്റന്റ് കെ.എ. സുലൈമാൻ, അലക്സ് തങ്കച്ചൻ, ജോജി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.