ഇടുക്കി: ഇന്ത്യയിലെ തന്നെ അപകടകരമായ ഓഫ് റോഡുകളിൽ ഒന്നായ പാൽകുളമേട് കീഴടക്കി രണ്ട് വനിതകൾ. കളമശേരിക്കാരിയായ ആൻഫി മരിയ ബേബിയും എറണാകുളം സ്വദേശി മേഴ്‌സി ജോർജ്ജും ബുള്ളറ്റിൽ പാൽകുളമേട് യാത്ര വിജയകരമായി പൂർത്തിയാക്കി മടങ്ങിയെത്തി. ഇരുപതുകാരിയായ ആൻഫിയും നാല്പത്തിയാറുകാരിയായ മേഴ്‌സിയും പാൽകുളമേടിലേക്ക് യാത്ര തിരിച്ചപ്പോൾ പിന്തിരിപ്പിക്കാൻ സുഹൃത്തുക്കളും റൈഡർമാരും ശ്രമിച്ചെങ്കിലും പിന്മാറാൻ ഇവർ തയാറായിരുന്നില്ല. ഏഴു മണിക്കൂറോളം ആനകളുടെ താഴ്വാരം എന്നറിയപ്പെടുന്ന കാട്ടിലൂടെയായിരുന്നു രണ്ട് വനിതകൾ മാത്രമടങ്ങിയ സംഘത്തിന്റെ യാത്ര. ഉരുളൻ കല്ലുകൾ ഉള്ള ഇടുങ്ങിയ പാതകളാണ്. കൂടുതലും ഹെയർ ബിന്നുകൾ. താഴെ ചെങ്കുത്തായ കൊക്ക. ഇതിനിടയിലൂടെയാണ് ഇവർ തങ്ങളുടെ ലക്ഷ്യത്തിലെത്തിയത്. എട്ടു മണിക്കൂറോളം കൊടും കാട്ടിൽ ആയിരുന്നെങ്കിലും ദൗത്യം പൂർത്തിയാക്കാനായതിന്റെ സന്തോഷത്തിലാണ് ആൻഫിയും മെഴ്‌സിയും.
ദൗത്യം പൂർത്തിയാക്കുന്നവർ അപൂർവ്വം
സമുദ്ര നിരപ്പിൽ നിന്ന് 3125 അടി ഉയരമുള്ള പ്രദേശമാണ് പാൽക്കുളമേട്. ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവരുടെ പ്രിയ സ്ഥലം. ഓഫ് റോഡ് റൈഡ് ഇഷ്ടപെടുന്നവർ പാൽക്കുളമേട് തിരഞ്ഞെടുക്കാറുണ്ടെങ്കിലും ദൗത്യം പൂർത്തിയാക്കുന്നവർ അപൂർവം. ഉരുളൻ കല്ലുകളും വഴുക്കലും ചെങ്കുത്തായ കയറ്റങ്ങളും നിറഞ്ഞ തീർത്തും അപകടം നിറഞ്ഞ പാതയാണിത്. കുന്നിൻ മുകളിലെ ശുദ്ധജല തടാകമാണ് പാൽക്കുളമേട് എന്ന പേര് ലഭിക്കാൻ കാരണം.
''ഓഫ്‌റോഡ് റൈഡ് ധാരാളം നടത്തിയിട്ടുണ്ടെങ്കിലും പാൽക്കുളമേട് ഒരനുഭവം തന്നെയായിരുന്നു. ആനയുടെ ചിന്നം വിളികളും ഈറ്റ ഒടിക്കുന്ന ശബ്ദങ്ങളും പേടിപ്പെടുത്തുന്നതായിരുന്നു. ബുള്ളറ്റിന്റെ വെളിച്ചത്തിൽ മാത്രമാണ് മുമ്പിലുണ്ടായിരുന്ന പാത കാണാനായത്. പേടിപ്പെടുത്തുന്ന കാടിന്റെ ശബ്ദം ഇടയ്ക്ക് ആശങ്കയുണ്ടാക്കി. ആനയെ കണ്ടാൽ ലൈറ്റ് ഓഫ് ചെയ്ത് കാട്ടിലേക്ക് ഓടിക്കയറണം എന്നായിരുന്നു ഫോറസ്റ്റുകാർ പറഞ്ഞിരുന്നത്. വഴികളിൽ ആവി പറക്കുന്ന ആനപിണ്ഡങ്ങൾ കണ്ടപ്പോൾ ഭയം ഇരട്ടിച്ചു'
-ആൻഫി