കട്ടപ്പന: തൂക്കുപാലത്ത് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എ.കെ. നസീറിനു മർദനമേറ്റ സംഭവം ആസൂത്രിതമാണെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധൻ പറഞ്ഞു. ഫെബ്രുവരി രണ്ടിന് ബി.ജെ.പി. തൂക്കുപാലത്ത് നയവിശദീകരണ യോഗം സംഘടിപ്പിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൂക്കുപാലം രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. തൂക്കുപാലത്ത്സംസ്ഥാന സെക്രട്ടറി എ.കെ. നസീർ നടത്തിയ പ്രസംഗത്തിൽ പ്രകോപനപരമായി ഒന്നുമില്ലായിരുന്നു. ബി.ജെ.പി. പ്രവർത്തകർ പള്ളിക്കെതിരെ കല്ലെറിഞ്ഞിട്ടില്ല. സംഭവത്തിൽ സി.പി.എം. എരിതീയിൽ എണ്ണയൊഴിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ് പക്ഷപാതപരമായി പെരുമാറുന്നു. അക്രമസംഭവത്തിൽ പള്ളി ഭാരവാഹികൾ നിരപരാധികളാണ്. എന്നാൽ സമ്മർദത്തെത്തുടർന്ന് അവർ നിലപാട് മാറ്റി. പൗരത്വ ഭേദഗതി വിഷയത്തിൽ ഇടതുവലതു മുന്നണികൾ ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, നേതാക്കളായ ശ്രീനഗരി രാജൻ, ജെ. ജയകുമാർ, കെ. കുമാർ എന്നിവരും പങ്കെടുത്തു.