കട്ടപ്പന: ലഹരി ഉൽപന്നങ്ങളുടെ വിപണനവും ഉപയോഗവും കുറയ്ക്കാൻ ബോധവൽകരണവും വലിയ പങ്കുവഹിക്കുന്നതായി മന്ത്രി എം.എം.മണി. ജില്ലാ എക്‌സൈസിന്റെ ബോധവത്കരണ പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസ്, എണ്ണ ഛായ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യത്തിൽ നിന്നും ഇതര ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ നിന്നും സമൂഹത്തെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ പരിപാടികൾ നടത്തുന്നത്.
ലഹരി ഉപയോഗത്തിന്റെ പൂർണ നിയന്ത്രണം നിയമം കൊണ്ടുമാത്രം സാദ്ധ്യമാകില്ല. പുതുതലമുറ ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽപെട്ടു പോകാതെ സൂക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും മന്ത്രി പറഞ്ഞു.
ക്വിസ് മത്സരത്തിൽ അനസൂയ. സി.സുധൻ (ഗവ. എച്ച്.എസ്.എസ്, തൊടുപുഴ), 'എനിക്ക് ലഹരി വേണ്ട' എന്ന വിഷയത്തിൽ നടന്ന ജലഛായം, എണ്ണ ഛായ മത്സരങ്ങളിൽ അനഘ സാബു (ഓസാനം ഇ.എം. എച്ച്.എസ്.എസ്, കട്ടപ്പന), മെൽബിൻ രൂപേഷ് (സെന്റ് ജോർജ് എച്ച്.എസ്.എസ്, കട്ടപ്പന) എന്നിവർ ഒന്നാം സ്ഥാനം നേടി. മത്സര വിജയികൾക്ക് മന്ത്രി ക്യാഷ് അവാർഡും ഉപഹാരവും നൽകി.
നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ മനോജ് എം.തോമസ്, കോളേജ് ചെയർമാൻ ആബിദ് ഷെഹിം അസീസ്, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ മുഹമ്മദ് ന്യൂമാൻ, കോളജ് അഡ്മിനിസ്‌ട്രേറ്റർ ഓഫീസർ എ.പി. അശോകൻ, സെന്റ് ജോർജ് സ്‌കൂൾ പ്രിൻസിപ്പൽ ജീമോൻ ജേക്കബ്, ഹെഡ്മാസ്റ്റർ ഡൊമിനിക് ജേക്കബ്, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ.ബി. ബിനു, പി.കെ.സുരേഷ്, പ്രിവന്റീവ് ഓഫീസർ ബി.രാജ്കുമാർ, പ്രൊഫ. അബ്ദുൾ റഹ്മാൻ, പി.എച്ച്. ഉമ്മർ തുടങ്ങിയവർ പങ്കെടുത്തു.