കട്ടപ്പന: വൈദ്യുതിവിതരണ രംഗത്ത് സർക്കാർ നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചതായി മന്ത്രി എം.എം.മണി. ജില്ലാ വൈദ്യുതി അദാലത്ത് കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കി. ലോഡ് ഷെഡിംഗ് ഇതുവരെ ഉണ്ടായിട്ടില്ല. പരാതിയില്ലാതെ ജനങ്ങൾക്ക് സേവനം നൽകാനാണ് വകുപ്പിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. റോഷി അഗസ്റ്റിൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി, കൗൺസിലർ മനോജ് എം.തോമസ്, കെ.എസ്.ഇ.ബി. ഡിസ്ട്രിബ്യൂഷൻആന്റ ഐ.ടി ഡയറക്ടർ പി. കുമാരൻ, ചെയർമാൻ എൻ.എസ്. പിള്ള, മദ്ധ്യമേഖല ചീഫ് എൻജിനീയർ ജയിംസ് എം. ഡേവിഡ് എന്നിവർ പ്രസംഗിച്ചു.
കട്ടപ്പന നഗരത്തിൽ കേബിളിലൂടെ വൈദ്യുതി വിതരണം നടപ്പാക്കണമെന്ന റോഷി അഗസ്റ്റിൻ എം.എൽ.എയുടെ ശുപാർശ മന്ത്രി എം.എം. മണി അംഗീകരിച്ചു. കേബിൽ വലിക്കുകയോ റോഡിന്റെ ഒരു വശത്തു കൂടി ലൈൻ സ്ഥാപിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേബിളാണ് അനുയോജ്യമെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ലഭിച്ചത് 714പരാതികൾ

ഉപഭോക്താക്കൾക്ക് അദാലത്തിൽ പരാതികൾ നൽകാൻ ജനുവരി 18 വരെയാണ്കെ എസ് ഇ ബി സമയം നൽകിയിരുന്നത്. അതത് സെക്ഷന്‍ ഓഫീസുകളിലും ഡിവിഷൻ ഓഫീസുകളിലും പരാതികൾ നൽകാൻ അവസരമുണ്ടായി. അവയിൽ 367 പരാതികൾപോസ്റ്റുകളും ലൈനുകളും മാറ്റി സ്ഥാപിക്കുന്നതിനു വേണ്ടിയുള്ളതായിരുന്നു.76 പരാതികൾ ബില്ല് തുക സംബന്ധിച്ചും 139 പരാതികൾ വോൾട്ടേജ് ക്ഷാമം സംബന്ധിച്ചും ലഭിച്ചിരുന്നു. 32 പരാതികൾ ഇന്നലെ അദാലത്തിനു മുമ്പ്
തന്നെ പരിഹരിച്ചു.