തൊടുപുഴ: വനാവകാശ രേഖകൾ ഉൾപ്പെടെ 8000 പട്ടയങ്ങൾ 24ന് കട്ടപ്പന സെന്റ് ജോർജ്ജ് പാരീഷ് ഹാളിൽ നടക്കുന്ന ജില്ലാതല പട്ടയമേളയിൽ വിതരണം ചെയ്യും. സ്വന്തം സ്ഥലത്തിന്റെ സ്‌കെച്ചുകളടക്കമുള്ള രേഖകൾ പട്ടയത്തിനൊപ്പം ലഭിക്കുമെന്നതാണ് ഇത്തവണത്തെ പട്ടയമേളയുടെ പ്രത്യേകതയെന്ന് സംഘാടനക സമിതി ചെയർമാൻ റോഷി അഗസ്റ്റ്യൻ എം.എൽ.എ പറഞ്ഞു. പട്ടയം ലഭിച്ച ശേഷം സ്കെച്ച് ലഭിക്കാനുള്ള കഷ്ടപ്പാട് ഇതോടെ ഇല്ലാതാകും. 18 കോളനികളിൽ നിന്നുള്ള 1500ലേറെ പേർക്കും പട്ടയം കൈമാറും. നാല് ഏക്കർ വരെയുള്ള ഭൂമിക്കാണ് പട്ടയം നൽകുക. കട്ടപ്പന ഭൂപതിവ് ഓഫീസിനു കീഴിലാണ് കൂടുതൽ പട്ടയങ്ങൾ നൽകുന്നത്- 1650 പട്ടയങ്ങൾ . 1964ലെയും 1993ലെയും ഭൂസംരക്ഷണനിയമങ്ങൾ ഈ പട്ടയങ്ങൾക്കും ബാധകമായിരിക്കും. മുൻകാലഘട്ടങ്ങളിലെ പോലെ തിരക്കുണ്ടാകാതിരിക്കാൻ പ്രത്യേക കൗണ്ടറുകളൊരുക്കും. 24ന് രാവിലെ 11ന് മന്ത്രി എം.എം. മണിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവ്വഹിക്കും. വാർത്താസമ്മേളനത്തിൽ എൽ.എ ഡെപ്യൂട്ടി കളക്ടർ സാബു കെ. ഐസക്, അഡീഷണൽ എൽ.ആർ തഹസീൽദാർ സി.പി. രാജേന്ദ്രകുമാർ,​ പബ്ലിസിറ്റി കൺവീനർ കൂടിയായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.


പട്ടയം കിട്ടുന്ന കോളനികൾ

ചില്ലിത്തോട്, മാങ്കുളം, ലക്ഷ്മി, എസ്.വളവ്, മിഷൻ വയൽ, 50 വീട്, ഏഴല്ലൂർ, അഞ്ചിരി, ഇഞ്ചിയാനി, എം.വി.ഐ.പി,മുട്ടം,അണക്കര, രാജീവ്ഗാന്ധി കോളനി, മദർ തെരേസ കോളനി, ചക്കുപള്ളം, കൊലുമ്പൻ കോളനി, പെരുങ്കാല കോളനി, പണയക്കുടി.


നൽകുന്ന പട്ടയങ്ങളുടെ എണ്ണം


മുരിക്കാശ്ശേരി(എൽ.എ)- 1000
രാജകുമാരി- 215
നെടുങ്കണ്ടം- 700
കട്ടപ്പന- 1650
പീരുമേട്- 750
കരിമണ്ണൂർ- 225
ഇടുക്കി- 900
ഇടുക്കി താലൂക്ക്- 225
തൊടുപുഴ താലൂക്ക്- 350
ദേവികുളം താലൂക്ക്- 1200
ഉടുമ്പൻചോല- 50
സബ് കളക്ടർ ദേവികുളം (എച്ച്.ആർ.സി പട്ടയം)​- 136
ജില്ലാ കളക്ടർ- 15
എൽ.റ്റി പട്ടയം- 14
വനാവകാശ രേഖ- 570