മറയൂർ: ചിന്നവര ആനക്കാൽപ്പെട്ടി മേഖലയിൽ കാട്ടുപോത്തിൻ കൂട്ടം ഇറങ്ങി മൾബറി കൃഷി ഉൾപ്പടെയുള്ളവ നശിപ്പിച്ചു. സൗരോർജ്ജ വേലിയുടെ സംരക്ഷണവും തകർത്ത് കൃഷിയിടത്തിലിറങ്ങിയ കാട്ടുപോത്തിൻ കൂട്ടം ലക്ഷങ്ങളുടെ മൾബറി കൃഷിയും വാഴകൃഷിയുമാണ് നശിപ്പിച്ചത്. മറയൂരിലെ ജ്യുവലറി ഉടമയും പട്ടുനൂൽ കർഷകനുമായ ചിറക്കൽ രാജേഷിന്റെ ഒരേക്കറോളം വരുന്ന മൽബറി തോട്ടത്തിന്റെ ഇലകൾ മുഴുവൻ നശിപ്പിച്ചതിനാൽ നൂൽ ഉത്പാദനത്തിനുള്ള പുഴുക്കളുടെ ബാച്ച് വെക്കുന്ന ജോലി പ്രതിസന്ധിയിലായിരിക്കുകയാണ്. സമീപത്തെ കർഷകനായ ആരോഗ്യ സ്വാമിയുടെ നൂറോളം കുലക്കാറായ വാഴകൾ , കവുങ്ങ് എന്നിവയും നശിപ്പിച്ചു. ചിന്നവര ആനക്കാൽപ്പെട്ടി മേഖലയിൽ പകൽ സമയങ്ങളിളും രാത്രി കാലങ്ങളിലും ഒരേപോലെ വന്യമൃഗ ശല്യമാണെന്ന് പ്രദേശത്തെ കർഷകർ പറയുന്നു.