തൊടുപുഴ: ഫാസിസ്റ്റ് ഭരണകൂടം രാജ്യനന്മയ്ക്ക് ഉതകുന്നതല്ല. മതത്തിന്റെ പേരിൽ പൗരത്വം നിശ്ചയിക്കുന്നത് ഭരണാഘടനാ വിരുദ്ധമാണെന്നും രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും നിലനിർത്തുവാൻ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾ ജനാധിപത്യ രീതിയിൽ അനിവാര്യമാണെന്നും സി.എസ്.ഐ. സഭ ഈസ്റ്റ് കേരളാ ബിഷപ്പ് വി.എസ്. ഫ്രാൻസിസ് പറഞ്ഞു. തൊടുപുഴയിൽ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സാംസ്‌കാരിക കൂട്ടായ്മയുടെ റൗണ്ട് ചെയർ മീറ്റിംഗ് ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി മൈനോരിറ്റി ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന കോഓർഡിനേറ്ററും സ്വാഗതസംഘം ചെയർമാനുമായ മനോജ് കോക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഡോ. എം.പി. മത്തായി മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ഇമാം കൗൺസിൽ ചെയർമാൻ അൽ ഹാഫിസ് നൗഫൽ കൗസരി, ടൗൺ ഫൊറോനാ പള്ളി വികാരി ഫാ. ജിയോ തടിക്കാട്ട്, എസ്.എൻ.ഡി.പി. യോഗം മുൻ പ്രസിഡന്റ് അഡ്വ. സി.കെ. വിദ്യാസാഗർ, പി.എം. മാനുവൽ, അഡ്വ. ജോസ് പാലിയത്ത്, പി.എൻ. ശ്രീനിവാസൻ, ആമ്പൽ ജോർജ്ജ്, കെ.എം.എ. ഷുക്കൂർ, ഡോ. നസിയ, ഫാ. ടി.ജെ. സെബാസ്റ്റ്യൻ, ശശികുമാർ കിഴക്കേടം, സുരേഷ് രാജു, സജിമോൻ, സി.എസ്. മഹേഷ്, സുകുമാർ അരിക്കുഴ, പി.ജെ. തോമസ്, പി.ഡി. ജോസ് എന്നിവർ സംസാരിച്ചു.