തൊഴുപുഴ: അന്തർദേശീയ തലത്തിൽ സയൻസ് ഒളിമ്പ്യാഡ് ഫൗണ്ടേഷൻ (എസ്.ഒ.എഫ്) നടത്തി വരുന്ന ഗണിതശാസ്ത്ര മത്സരത്തിൽ വാഴക്കുളം ബെത്‌ലഹേം ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർത്ഥികൾ ഉന്നതനേട്ടം കൈവരിച്ചതായി സ്‌കൂൾ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയും അരിയാമ്മാക്കൽ ജോജി- ആഷ്‌ലി ദമ്പതികളുടെ മകളുമായ ജോആൻ ലിസ ജോജി അന്തർദേശീയ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. ഒപ്പം ഒന്നാം ക്ലാസ് വിദ്യാർത്ഥിയും മഞ്ഞളിൽ സോണി- ടീന ദമ്പതികളുടെ മകനുമായ ജോൺ ഇമ്മാനുവേൽ സോണി മൂന്നാം റാങ്കും കരസ്ഥമാക്കി. ബെത്‌ലഹേം ഇന്റർനാഷണൽ സ്‌കൂളിൽ ഇതിനു മുമ്പും ഇത്തരം നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. കുട്ടികൾക്ക് ഗണിതശാസ്ത്ര അദ്ധ്യാപിക സിമി അനിൽ പരിശീലനം നൽകിയിരുന്നു. വാർത്താസമ്മേളനത്തിൽ സ്‌കൂൾ മാനേജർ ജോയി മാനുവൽ, പി.ആർ.ഒ ജോയിസ് മേരി ആന്റണി എന്നിവർ പങ്കെടുത്തു.