തൊടുപുഴ: കട്ടപ്പനയിൽ നടക്കുന്ന പട്ടയ വിതരണ ലിസ്റ്റിൽ നിന്ന് തൊടുപുഴ, പീരുമേട് താലൂക്കുകളിലെ മുപ്പത്തഞ്ചിലധികം മലയരയഗോത്ര സെറ്റിൽമെന്റുകൾ ഒഴിവാക്കപ്പെട്ടത് ദൗർഭാഗ്യകരമാണെന്ന് അഖില തിരുവിതാംകൂർ മലയരയ മഹാസഭ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 4000ൽപരം മലയരയ ഗോത്ര കുടുംബങ്ങൾ ഉൾപ്പെടുന്ന ജില്ലയിലെ അറക്കുളം, കരിമണ്ണൂർ, അഴുത, മ്ലാപ്പാറ എന്നീ വില്ലേജുകളിൽപ്പെട്ട മലയരയ സെറ്റിൽമെന്റെുകളിൽ ഒന്നുപോലും പട്ടയ വിതരണ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. വനാതിർത്തി നിർണയിച്ചു കൊണ്ടുള്ള ജണ്ടയ്ക്ക് പുറത്ത് താമസിക്കുന്ന ആദിവാസികൾക്ക് പട്ടയം നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ജണ്ടയ്ക്ക് പുറത്ത് താമസിക്കുന്ന മലയരയ സെറ്റിൽ മെന്റെുകളെ പട്ടയ വിതരണ ലിസ്റ്റിൽ ഉൾപ്പെടുത്താത്തതിന്റെ കാരണം വ്യക്തമാക്കണം. സഭയുടെ പ്രതിഷേധം സർക്കാരിനെ രേഖാമൂലം അറിയിക്കും. സർക്കാരിന്റെ മലയരയരോടുള്ള വിവേചനപരമായ സമീപനത്തിനെതിരെ പട്ടയ വിതരണം നടക്കുന്ന 24ന് വഞ്ചനാ ദിനമായി ആചരിക്കും. ഈ നിലപാട് തുടർന്നാൽ നിയമസഭയിലേക്ക് മാർച്ച് നടത്തുന്നതടക്കമുള്ള പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് ഇവർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ സഭ സംസ്ഥാന പ്രസിഡന്റ് സി.പി. കൃഷ്ണൻ, ജനറൽ സെക്രട്ടറി മോഹൻദാസ് പഴുമല, ട്രഷറർ എം.ഐ. ഗോപാലൻ, ബോർഡംഗം ബാബുകോസടി എന്നിവർ പങ്കെടുത്തു.