തൊടുപുഴ: ഏറെ പ്രതീക്ഷയോടെ നാട്ടുകാർ കാത്തിരുന്ന കെ.എസ്.ആർ.ടി.സിയുടെ പുതിയ ഡിപ്പോ ഉടനെങ്ങും പ്രവർത്തനം ആരംഭിക്കുന്ന ലക്ഷണം കാണുന്നില്ല. അടിയന്തരമായി തീർക്കേണ്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഫെബ്രുവരിയോടെ ഡിപ്പോ തുറന്നു പ്രവർത്തിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ കെ.എസ്.ആർ.ടി.സിയുടെ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ ഡിപ്പോയിൽ പരിശോധന നടത്തിയതിന് ശേഷം യാതൊരു പ്രവർത്തനങ്ങളും നടന്നില്ല. നിലവിൽ ഡിപ്പോ പ്രവർത്തിക്കുന്ന നഗരസഭയുടെ ലോറി സ്റ്റാൻഡിൽ നിന്ന് ഒഴിഞ്ഞു കൊടുക്കണമെന്ന നഗരസഭയുടെ നിർദേശത്തെ തുടർന്ന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഡിപ്പോ തുറക്കാനായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായാണ് കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡംഗം സി.വി. വർഗീസ്, മുനിസിപ്പൽ കൗൺസിലർ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയത്. ഡിപ്പോ തുറക്കുന്നതിനു മുന്നോടിയായി അടിയന്തരമായി പൂർത്തിയാക്കേണ്ട നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിനായാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. അടിയന്തര ക്രമീകരണങ്ങൾ ഏർപ്പെടുത്തിയാൽ ഡിപ്പോ തുറക്കുന്നതിനു മറ്റ് തടസങ്ങളില്ലെന്നാണ് സ്ഥലം സന്ദർശിച്ച കെ.എസ്.ആർടിസി ഡയറക്ടർ ബോർഡംഗം സി.വി. വർഗീസ് അന്നു വ്യക്തമാക്കിയിരുന്നത്. മലിനീകരണ നിയന്ത്രണ ബോർഡ്, ഫയർ ആന്റ് സേ്ര്രഫി തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള സർട്ടിഫിക്കറ്റുകളും ഡിപ്പോയ്ക്ക് ഇതിനോടകം ലഭിച്ചിട്ടുണ്ട്. എന്നാൽ തുടർനടപടികൾ ഉണ്ടായില്ല. ഇതിനിടെ ഡിപ്പോ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രൻ, പി.ജെ. ജോസഫ് എം.എൽ.എ, കെ.എസ്.ആർ.ടി.സി എം.ഡി എന്നിവർ ഉൾപ്പെടെ പങ്കെടുക്കുന്ന ഉന്നത തലയോഗവും വിളിക്കാൻ തീരുമാനിച്ചിരുന്നു. ഇതും നടക്കാതായതോടെ ഡിപ്പോ ഉദ്ഘാടനം അനിശ്ചിതത്വത്തിലായി. ഡിപ്പോ ലോറി സ്റ്റാൻഡിൽ നിന്ന് ഒഴിഞ്ഞു നൽകണമെന്ന കാര്യത്തിലുള്ള നഗരസഭയുടെ നിലപാടാണ് ഇനി അറിയേണ്ടത്.
സജ്ജമാക്കേണ്ടത്
ഡിപ്പോ ഓഫീസ്, ജീവനക്കാരുടെ താമസം, യാത്രക്കാർക്കായി വിശ്രമ സ്ഥലം, മെക്കാനിക്കൽ വിഭാഗം, വൈദ്യുതീകരണം, ശൗചാലയം, ഹൈമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെയുള്ള വൈദ്യുത വിളക്കുകൾ
വേണ്ടത് 85 ലക്ഷം രൂപ
അത്യാവശ്യ സംവിധാനങ്ങൾ ക്രമീകരിച്ച് ഡിപ്പോ തുറക്കുന്നതിനായി 85 ലക്ഷം രൂപ കണ്ടെത്തണമെന്നാണ് കണക്കെടുപ്പിലൂടെ കണ്ടെത്തിയത്. പത്ത് കടമുറികൾ നേരത്തെ ലേലം ചെയ്തത് വഴി 45 ലക്ഷം ഡിപ്പോസിറ്റ് ഇനത്തിൽ കിട്ടാനുണ്ട്. ഇതിനു പുറമെ ഓഫീസ് ഒഴികെയുള്ള 19 മുറികൾ ലേലം ചെയ്യുന്നതിലൂടെ ലഭിക്കുന്ന തുകയും പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിച്ച് ഇതിനായി വിനിയോഗിക്കുന്നതിനാണ് ലക്ഷ്യമിട്ടത്. എന്നാൽ ക്വട്ടേഷൻ ക്ഷണിച്ചെങ്കിലും കടമുറികൾ ലേലം കൊള്ളാൻ ആരുമെത്തിയില്ല.
ഫെബ്രുവരി 15ന് തിരുവനന്തപുരത്ത് സമരം
നിലവിലെ ഡിപ്പോയുടെ അവസ്ഥ വളരെ പരിതാപകരമാണ്. തൊടുപുഴയ്ക്കാകെ നാണക്കേടാണിത്. ഫെബ്രുവരിയിൽ പുതിയ ഡിപ്പോ തുറന്നു നൽകുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതാണ്. എന്നാൽ പാലിക്കപ്പെട്ടില്ല. അതിനാൽ പുതിയ ഡിപ്പോ ഉടൻ പ്രവർത്തനം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 15ന് കെ.എസ്.ആർ.ടി.സി എം.ഡിയുടെ ഓഫീസിന് മുന്നിൽ രാവിലെ 10 മുതൽ അഞ്ച് വരെ ഗാന്ധിയൻ രീതിയിൽ സമരം നടത്തും.
ആമ്പൽ ജോർജ് (പൊതുപ്രവർത്തകൻ)