accident
അയ്യപ്പൻകോവിൽ ഇടപ്പൂക്കളത്ത് അപകടത്തിൽപ്പെട്ട മിനി ബസ്.

കട്ടപ്പന: വാഗമൺ സന്ദർശിക്കാനെത്തിയ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച മിനി ബസ് പിക്അപ് വാനിലിടിച്ച് കാനയിലേക്കു മറിഞ്ഞ് 18 പേർക്ക് പരിക്കേറ്റു. തമിഴ്നാട് രാമനാഥപുരം പരമക്കുടി മേലായ്ക്കുടി സ്വദേശികളായ നവാസ് (21), നസിറിയ, അക്സർ, മുഹമ്മദ് ഫറുഖ് (31), അഫിയ (20), സഹുബർ(48), അസ് ലിന(19), അനീഷ(27), തജ്നിസ(49), സന(ഏഴ്), മുഹമ്മദ് സൊഹയ്ൽ(11), യാസിർ(30), അഫ്റിൻ ഷഫ(17), ബേനസിർ(30), ഷറഫുനിസ(44), നിലിസർ(43), ബസ് ഡ്രൈവർ ജി. മലമേഘം(40), പിക് അപ് വാൻ ഡ്രൈവർ ഉപ്പുതറ അമ്പാട്ട് എ.കെ. അരുൺ(30) എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല. തമിഴ്നാട് സ്വദേശികളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരുൺ അയ്യപ്പൻകോവിൽ പ്രാഥിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെ നിർദിഷ്ട തേക്കടികൊച്ചി സംസ്ഥാനപാതയിൽ ഇടപ്പൂക്കളം കാളിയമ്മൻ ക്ഷേത്രത്തിനുസമീപമാണ് അപകടം. ബ്രേക്ക് നഷ്ടപ്പെട്ട മിനി ബസ്, പറപ്പൊടിയുമായി മുന്നിൽപ്പോയ പിക്അപ് വാനിലിടിച്ച് വലതുവശത്തെ 10 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക് അപ് റോഡിൽ മൂന്നുതവണ തലകീഴായി മറിഞ്ഞശേഷം 10 മീറ്റർ നിരങ്ങിനീങ്ങി റോഡിനു കുറുകെ നിന്നു. ഇടപ്പൂക്കളം എസ്റ്റേറ്റിലെ തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ബസിനുള്ളിൽ നിന്നും പുറത്തെടുത്തത്. തുടർന്ന് മേരികുളത്തു നിന്നും വാഹനമെത്തിച്ച് ആശുപത്രിയിലേക്കു കൊണ്ടുപോയി. പിന്നാലെ ഉപ്പുതറ പൊലീസും 108 ആംബുലൻസും സ്ഥലത്തെത്തി പരിക്കേറ്റ മറ്റുള്ളവരേയും ആശുപത്രിയിലെത്തിച്ചു.