കുമളി: ജില്ലാ ലൈബ്രറി കൗൺസിലും പെരിയാർ ടൈഗർ റിസർവും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ സാഹിത്യ ക്യാമ്പ് 'എഴുത്തും കാലവും കാടകത്തൊരൊത്തചേരൽ' തേക്കടിയിൽ തുടങ്ങി. തേക്കടി ബാംബുഗ്രോവിൽ ആരംഭിച്ച ജില്ലാ സാഹിത്യക്യാമ്പ് സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എ. അബ്ദുൾ റസാഖ് അദ്ധ്യക്ഷനായിരുന്നു. പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ ശിൽപാ വി. കുമാർ മുഖ്യ പ്രഭാഷണം നടത്തി. കവി ഏഴാച്ചേരി രാമചന്ദ്രൻ 'എഴുത്തും കാലവും" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഉദ്ഘാടന യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഇ.ജി. സത്യൻ സ്വാഗതവും ജോസ് കോനാട്ട് നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എ. അബ്ദുൾ റസാഖ് വരച്ച 230 രാഷ്ട്ര തലവന്മാരുടെ ചിത്രങ്ങൾ അടങ്ങിയ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം ഡോ. കുഞ്ഞികൃഷ്ണൻ നിർവഹിച്ചു. ഇ.ജി. സത്യൻ ഏറ്റുവാങ്ങി. ഇന്ന് കവി കുരീപ്പുഴ ശ്രീകുമാർ പങ്കെടുക്കും. ജില്ലയിലെ കഥ, കവിത, നോവൽ തുടങ്ങിയ വിവിധ മേഖലകളിലായി പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്ന മുപ്പതോളം എഴുത്തുകാരാണ് ദ്വിദിന പരിപാടിയിൽ പങ്കെടുക്കുന്നത്. ക്യാമ്പ് ഇന്ന് സമാപിക്കും.