വണ്ണപ്പുറം: സ്വകാര്യ പാക്ക് അട്ടിയിൽ ബാലവേല ചെയ്യുകയായിരുന്ന എട്ട് കുട്ടികളെ ജില്ലാ ശിശു സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ രക്ഷിച്ചു. വണ്ണപ്പുറം ടൗണിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് കുട്ടികളെ ജോലി ചെയ്യിപ്പിച്ചുകൊണ്ടിരുന്നത്. ഇന്നലെ രാവിലെ ജില്ലാ ശിശു സംരക്ഷണ സമിതിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. മുലയൂട്ടുന്ന കുഞ്ഞുമായി അമ്മമാർ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. 18 വയസ് വരെയുള്ള 45 കുട്ടികളെ ഇവിടെ നിന്ന് കണ്ടെത്തി. ഇതിൽ എട്ട് കുട്ടികളാണ് ജോലി ചെയ്തുകൊണ്ടിരുന്നത്. ഇവരുടെ കൈകളിൽ അടയ്ക്ക മുറിച്ചതിന്റെ പാടും കറയും ഉണ്ടായിരുന്നു. ബാക്കിയുള്ള കുട്ടികളുടെ മാതാപിതാക്കൾ ഇവിടെ ജോലിക്കാരായിരുന്നു. സമിതി ഉടമയ്ക്കെതിരെ കേസെടുക്കാൻ കാളിയാർ പൊലീസിനോട് നിർദേശിച്ചു. കൂടാതെ കുട്ടികൾക്ക് ആധാർ കാർഡ് എടുക്കുന്നതിന് നടപടി സ്വീകരിക്കാൻ ജില്ലാ ശിശു സംരക്ഷണ സമിതി പഞ്ചായത്ത് അധികൃതർക്കും ലേബർ ക്യാമ്പിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കാൻ ആരോഗ്യവകുപ്പ് അധികൃതർക്കും നിർദ്ദേശം നൽകി. വിദ്യാഭ്യാസം മുടങ്ങിയ കുട്ടികളുടെ വിദ്യാഭ്യാസം പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് അധികൃതർക്കും നിർദ്ദേശം നൽകി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ പ്രൊട്ടക്ഷൻ ഓഫീസർ ജോമറ്റ് ജോർജ്, ഔട്ട്‌റീച്ച് വർക്കർ അൽത്താഫ് അബൂബക്കർ, ശരണബാല്യം റസ്‌ക്യൂ ഓഫീസർ കിരൺ കെ. പൗലോസ്, കൗൺസിലർ അമലു മാത്യു, സോഷ്യൽ വർക്കർ എഡ്‌ന ജോസ്, എൽ.പി.ഒ ശ്രീജനി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.