തൊടുപുഴ: മൂലമറ്റം വൈദ്യുതി നിലയത്തിലെ പൊട്ടിത്തെറിയെത്തുടർന്ന് നിറുത്തിവച്ച ഉത്പാദനം ഭാഗികമായി പുനരാരംഭിച്ചു. രണ്ടാം നമ്പർ ജനറേറ്ററിന്റെ എക്സിറ്റർ ട്രാൻസ്ഫോർമറാണ് തിങ്കളാഴ്ച രാത്രി 9.30ന് പൊട്ടിത്തെറിച്ചത്. ഭൂഗർഭ നിലയമായതിനാൽ പുക വളരെ വേഗം പവർഹൗസിൽ നിറഞ്ഞു. പവർ ഹൗസിന്റ പ്രവർത്തനം നിറുത്തിവച്ച് അകത്തുണ്ടായിരുന്ന മുഴുവൻ പേരെയും പുറത്തെത്തിച്ചതിനാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.
മൂലമറ്റം അഗ്നിരക്ഷാ സേന എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ശ്വാസതടസം ഉണ്ടായ അസിസ്റ്റന്റ് എൻജിനീയർ സമ്പത്ത്, കരാർ പണിക്കാരനായ എബിൻ രാമചന്ദ്രൻ എന്നിവരെ രാത്രിയിൽ മുലമറ്റത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊട്ടിത്തെറിയുണ്ടായ രണ്ടാം നമ്പർ ജനറേറ്റർ ഒഴിച്ചുള്ളവ ഇന്നലെ ഉച്ചയോടെ പ്രവർത്തിപ്പിച്ച് തുടങ്ങി. വിദഗ്ദ്ധ സംഘത്തിന്റെ പരിശോധനയിലൂടെയേ പൊട്ടിത്തെറിയുടെ കാരണം അറിയുവാനാകൂ. പവർഹൗസിന്റെ പ്രവർത്തനം ഭാഗികമായി മുടങ്ങിയതോടെ സംസ്ഥാനത്ത് 500 മെഗാവാട്സ് വൈദ്യുതിയുടെ കുറവുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. ജനറേറ്റർ പണി ഒരു മാസം കൊണ്ട് തീർക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.
50 ലക്ഷം രൂപയുടെയെങ്കിലും ഉപകരണങ്ങൾ പുറത്തുനിന്ന് വാങ്ങിയാലേ ജനറേറ്ററിന്റെ പണി പൂർത്തീകരിക്കാൻ സാധിക്കൂ. രണ്ടാം നമ്പർ ജനറേറ്റർ പ്രവർത്തിക്കാതിരിക്കുന്നതുമൂലം ആറ് കോടിയോളം രൂപയുടെ ഉത്പാദന നഷ്ടം പ്രതീക്ഷിക്കുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മന്ത്രി എം.എം. മണി പവർഹൗസിൽ സന്ദർശനം നടത്തി വിശദാംശങ്ങൾ തേടി..