അനുവദിച്ച സ്ഥലത്തിന്തൊ പട്ടയം കിട്ടും

തൊടുപുഴ: മലങ്കര അണക്കെട്ടിന് സമീപം പുറമ്പോക്കിൽ കുടിൽ കെട്ടി താമസിക്കുന്ന 13 കുടുംബങ്ങളുടെ പുനരധിവാസം യാഥാർഥ്യമാകുന്നു. മലങ്കര കുപ്പിവെള്ള ഫാക്ടറിയോട് ചേർന്ന് അനുവദിച്ചിരിക്കുന്ന സ്ഥലത്തിന് പട്ടയം ലഭ്യമാകും. കട്ടപ്പനയിൽ നടക്കുന്ന പട്ടയമേളയിൽ വെച്ചാണ് ഇവർക്ക് പട്ടയം നൽകുന്നത്. മലങ്കര ഹില്ലി അക്വാഫാക്ടറിക്ക് സമീപമാണ് ഇവർക്ക് സ്ഥലം അനുവദിച്ചിരിക്കുന്നത്. സ്ഥലത്തിന്റെ പട്ടയത്തിനായി ഇവർ വർഷങ്ങളോളം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പിന്നാലെ നടന്നതാണ്. എന്നാൽ പട്ടയം നൽകാനുള്ള നടപടി ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇതിനിടെ മലങ്കര ടൂറിസം ഹബ്ബ് ഉദ്ഘാടനം ചെയ്തപ്പോൾ ഇതിനുള്ളിൽ താമസിക്കുന്ന കുടുബങ്ങളെ പുനരധിവസിപ്പിക്കൽ നടപടി വേഗത്തിലായി. ഇതിന്റെ ഭാഗമായി ഇവർക്ക് അനുവദിച്ച സ്ഥലത്തിന്റെ കാടുവെട്ടി സ്ഥലം നിരപ്പാക്കി. ഇതിന്റെ തുടർച്ചയായിട്ട് അടുത്ത മാസത്തോടെ കെട്ടിടം നിർമാണം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് മുട്ടം പഞ്ചായത്ത്‌.13 കുടുംബങ്ങളിൽ 12 പേർ വീട് നിർമിക്കാൻ അപേക്ഷ നൽകിയതനുസരിച്ച് ഒരുവീടിന് 4 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. ലൈഫ് പദ്ധതിയിൽ പെടുത്തിയാണ് വീട് നിർമാണം ആരംഭിക്കുന്നത്. വീട് ലഭിക്കുന്നതോടെ ഇവരുടെ 4 പതിറ്റാണ്ടത്തെ സ്വപ്‌നമാണ് യാഥാർത്ഥ്യമാകുന്നത്. പട്ടയം അനുവദിച്ചിരിക്കുന്ന എല്ലാ ആളുകൾക്കും പ്രായാധിക്യത്താലും മറ്റും പട്ടയ വിതരണത്തിന് കട്ടപ്പനയിൽ നേരിട്ട് എത്താൻ സാധിക്കില്ല. ഇവർക്ക് അടുത്ത ദിവസം തൊടുപുഴ താലൂക്ക് ഓഫീസിൽ നിന്ന് പട്ടയം വിതരണം ചെയ്യും.

അണക്കെട്ടിന്റെ നിർമ്മാണത്തിന് വന്നവർ :

- മലങ്കര ഡാമിന്റെ നിർമാണത്തിനായി ഇവിടെ എത്തിയവരാണ് അണക്കെട്ടിന്റെ പുറമ്പോക്ക് ഭൂമിയിൽ കുടിൽ കെട്ടി താമസിക്കുന്നത്. അണക്കെട്ടിന്റെ നിർമ്മാണത്തിന് എത്തിയ തോഴിളികൾക്ക് 5 രൂപയായിരുന്നു അന്ന് കൂലിയായി നൽകിയത്. ഡാം സൈറ്റിന്റെ പുറത്ത് 9 രൂപയുണ്ടായിരുന്നപ്പോൾ കുറഞ്ഞ കൂലിക്ക് പണിയെടുക്കുന്നതിന് തൊഴിലാളികൾ വിസമ്മതിച്ചിരുന്നു. അന്ന് ഇവിടെ ജോലി ചെയ്യുന്നവർക്ക് വീട് വെക്കാൻ സൗജന്യമായി സ്ഥലം നൽകാമെന്നുള്ള അന്നത്തെ സർക്കാരിന്റെ ഉറപ്പിലാണ് ഇവർ അണക്കെട്ടിന്റെ നിർമ്മാണത്തിന് കുറഞ്ഞ കൂലിയിൽ ജോലി ചെയ്തത്. പിന്നീട് മാറിമാറി വന്ന സർക്കാരുകൾ സ്ഥലം വാഗ്ദാനം ചെയ്തതോടെ കൂലികുറവ് നോക്കാതെ തൊഴിലാളികൾ ഡാം നിർമാണവും കനാൽ, പവർഹൗസ് എന്നിവയുടെ നിർമാണ ജോലികളുമായി ഇവിടെ കഴിഞ്ഞു കൂടുകയായിരുന്നു.