തൊടുപുഴ: നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് തിട്ടയിലിടിച്ച് റോഡിൽ മറിഞ്ഞ് 10 പേർക്ക് പരിക്കേറ്റു. പെരിങ്ങാശേരിപാറമട റൂട്ടിൽ ഉപ്പുകുന്നിനു സമീപം ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു അപകടം. ബസ് യാത്രക്കാരായ കട്ടപ്പന സ്വദേശി ബിനിമോൾ (48), കുഴിത്തൊളു സ്വദേശി രാഘവൻ (75) , ഭാര്യ പദ്മിനി (70), തൊടുപുഴ ഡിപ്പോയിലെ ഡ്രൈവർ പുഷ്പാംഗദൻ എന്നിവരുൾപ്പെടെ പത്തു പേർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് സാരമുള്ളതല്ല. 19 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ കരിമണ്ണൂർ പൊലീസും നാട്ടുകാരും ചേർന്ന് ജില്ലാ ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും എത്തിച്ച് ചികിൽസ നൽകി. ചെറുതോണിയിൽ നിന്നും തൊടുപുഴയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഒരു വശത്ത് കൊക്കയും കൊടുംവളവും ഉള്ള ഇറക്കത്തിലാണ് ബസിനു നിയന്ത്രണം നഷ്ടമായത്.നിയന്ത്രണം നഷ്ടമായ ബസ് തിട്ടയിൽ ഇടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് റോഡിൽ വട്ടം മറിഞ്ഞത്. ഇല്ലെങ്കിൽ ബസ് യാത്രക്കാരുമായി കൊക്കയിലേക്ക് പതിച്ച് വൻ അപകടമുണ്ടാകുമായിരുന്നു. റോഡിൽ വട്ടം വിലങ്ങി കിടന്ന ബസ് ഫയർഫോഴ്സ് എത്തി നാട്ടുകാരുടെ സഹായത്തോടെ നേരെയാക്കി ഗതാഗതം പുനസ്ഥാപിച്ചു.