തൊടുപുഴ: തൊടുപുഴ മൂൺലിറ്റ് ബാറിൽ സൂപ്പർവൈസറായ പാലക്കാട് കണ്ണംചിറ വില്ലേജിൽ മേലേചർക്കുന്ന് വീട്ടിൽ സൽപ്രകാശിനെയും ( 46 ) കാഷ്യറായ മനുമോഹനേയും കമ്പിവടികൊണ്ട് ആക്രമിച്ച കേസിലെ രണ്ടും മുന്നും പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. തൊടുപുഴ കാരിക്കോട് വില്ലേജിൽ ഇടവെട്ടി കരയിൽ കൊമ്പനാപറമ്പിൽ മാഹിൻ ( 32 ), ഇടവെട്ടി കരയിൽ തൊട്ടിയിൽ ജിൻസ് എന്നിവർ തൊടുപുഴ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയാണ് ജില്ലാ സെഷൻസ് ജഡ്ജി മുഹമ്മദ് വസീം തള്ളി ഉത്തരവായത്. കഴിഞ്ഞ ഡിസംബർ 28ന് രാത്രി 11 മണിക്ക് ബാർ അടച്ച് സൂപ്പർവൈസറും കാഷ്യറും ഒരുമിച്ച് സ്കൂട്ടറിൽ വേങ്ങത്താനത്തുള്ള താമസസ്ഥലത്തേക്ക് പോകുന്നവഴി ഇടുക്കി റോഡിൽവെച്ച് കാറിലെത്തിയ പ്രതികൾ സ്കൂട്ടർ തടഞ്ഞുനിർത്തി സൽപ്രകാശിനേയും മനുമോഹനേയും കമ്പിവടികൊണ്ട് അടിച്ച് പരിക്കേല്പിച്ചുവെന്നാണ് പ്രതികൾക്കെതിരെയുള്ള കുറ്റം. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി സുനിൽദത്ത് ഹാജരായി