ഏഴല്ലൂർ: പട്ടയത്തിന് വേണ്ടിയുള്ള കുട്ടിവനം നിവാസികളുടെ നാലര പതിറ്റാണ്ടിലേറെയായ കാത്തിരിപ്പ് അവസാന നിമിഷം വരെ നീണ്ടു. ഇന്ന് നടക്കുന്ന പട്ടയമേളയിൽ ഏഴല്ലൂർ കുട്ടിവനത്തിലെ മുന്നൂറിലേറെ വരുന്ന കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇന്നലെ വൈകിട്ട് വരെ ഉത്തരവിറങ്ങാത്തത് പ്രദേശവാസികളെയും ജില്ലാ ഭരണകൂടത്തെയും ഒരുപോലെ അനിശ്ചിതത്വത്തിലാക്കി. 1971 മുതൽ ഏഴല്ലൂർ കുട്ടിവനം മേഖലയിൽ സ്ഥിരതാമസമാക്കിയ 319 കുടുംബങ്ങൾക്കാണ് പട്ടയം നൽകാൻ തീരുമാനിച്ചിരുന്നത്. ഇതിന് മുന്നോടിയായി വനം- റവന്യൂവകുപ്പുകളുടെ സംയുക്ത പരിശോധനയും സർവേയും പൂർത്തിയായിരുന്നു. എന്നാൽ മഹസർ നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരത്തിന് അയച്ചെങ്കിലും സർക്കാർ ഉത്തരവ് വന്നില്ല. ഇതോടെ ഇന്ന് നടക്കുന്ന പട്ടയമേളയിൽ പട്ടയം ലഭിക്കില്ലെന്ന് പ്രദേശവാസികൾ തീർച്ചപ്പെടുത്തി. എന്നാൽ വൈകിട്ട് അഞ്ച് മണിയോടെ സർക്കാർ ഉത്തരവ് വന്നതോടെ അനിശ്ചിതത്വത്തിന് വിരാമമായി.
നടപടികൾ ഒരു മാസത്തിനകം
റോഡും വെള്ളവും സ്‌കൂളും ആശുപത്രിയും ഒക്കെ കിട്ടിയെങ്കിലും കിടപ്പാടത്തിന് കൈവശരേഖ കിട്ടാത്തത് ഇവിടുത്തുകാർക്ക് വലിയ വേദന സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ വർഷം ജനുവരി 26ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ പങ്കെടുത്ത ഒരു പരിപാടിയിലാണ് നാട്ടുകാർ പട്ടയ വിഷയം കളക്ടറുടെ മുന്നിൽ അവതരിപ്പിച്ചത്. ജില്ലാ കളക്ടർ ഇക്കാര്യം മന്ത്രി എം.എം. മണിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. മന്ത്രി മണി ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ അടിയന്തിര നടപടി സ്വീകരിക്കാൻ റവന്യൂ വകുപ്പിന് നിർദ്ദേശം നൽകി. തുടർന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ നേരിട്ട് കാര്യങ്ങൾ വിലയിരുത്തിയതോടെ ഒരു മാസത്തിനകം നടപടികൾ പൂർത്തിയായി.
''മന്ത്രി എം.എം. മണിയുടെ സജീവ ഇടപെടലിലാണ് കുട്ടിവനം നിവാസികൾക്ക് പട്ടയം ലഭിക്കാൻ കാരണമായത്. ഒരു മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തായതിനാൽ ഈ പട്ടയമേളയിൽ ലഭിച്ചില്ലെങ്കിലും ഉടൻ തന്നെ പട്ടയം ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു."
-ഭൂസംരക്ഷണ സമിതി കൺവീനർ കെ.കെ. മനോജ്