തൊടുപുഴ: എസ്.എൻ.ഡി.പി. യോഗം തൊടുപുഴ യൂണിയന് കീഴിലെ രവിവാര പാഠശാല വിദ്യാർഥികൾക്കായുള്ള യൂണിയൻ തല പരീക്ഷ ജഞായറാഴ്ച രാവിലെ 9.30 ന് വെങ്ങല്ലൂർ ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. ശാഖാ തലത്തിൽ നടത്തിയ പരീക്ഷയിൽ ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് യൂണിയൻ തല പരീക്ഷയിൽ പങ്കെടുക്കുക. രാവിലെ 10 മുതൽ 12 വരെയാണ് പരീക്ഷാ സമയം.

സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ, അമ്മമാർ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് പരീക്ഷ നടത്തുക. രവിവാര പാഠശാലാ കരിക്കുലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രത്യേക ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരിക്കും പരീക്ഷ. യൂണിയൻ തല വിജയികൾക്ക് ക്യാഷ് അവാർഡിന് പുറമേ സർട്ടിഫിക്കറ്റുൾപ്പെടെ ആകർഷകമായ സമ്മാനങ്ങളും നൽകും.

എംപ്ലോയീസ് ഫോറം തൊടുപുഴ യൂണിയൻ സമിതി നേതൃത്വം നൽകുന്ന പരീക്ഷയുടെ മേൽനോട്ടം യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്കാണ്. ശാഖാതലത്തിൽ നടത്തിയ പരീക്ഷയിൽ 35 ശാഖകളിൽ നിന്നായി അമ്മമാരും കുട്ടികളുമടക്കം 782 പേർ മത്സരാർഥികളായി. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 350 ഓളം മത്സരാർഥികളാണ് യൂണിയൻ തല പരീക്ഷയിൽ പങ്കെടുക്കുക. സംഘാടകർ പരീക്ഷാ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി യൂണിയൻ കൺവീനർ വി.ജയേഷ് അറിയിച്ചു.