ചെറുതോണി. ഉപ്പുതോട്കരിക്കിൻമേട് പ്രകാശ് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 29 ന് പൈനാവ് പി ഡബ്ലിയു ഡി എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യലയത്തിലേക്ക് നടത്താനിരുന്ന ഉപരോധ സമരം പിൻവലിച്ചതായി എസ് എൻ ഡി പി യോഗം കരിക്കിൻമേട് ശാഖായോഗം ഭാരവാഹികൾ അറിയിച്ചു. ഉപ്പുതോട്പ്രകാശ് റോഡിന്റെ ചിറ്റടിക്കവല മുതൽ കരിക്കിൻമേട് വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമാണ് പണി പൂർത്തിയാകാനുള്ളത്. കാൽനടയാത്രപോലും ഈ ഭാഗത്ത് ദുഷ്‌ക്കരമാണ്. ഈ സാഹചര്യത്തിലാണ് കരിക്കിൻമേട് എസ് എൻ ഡി പി ശാഖായുടെ നേതൃത്വത്തിൽ നാട്ടുകാർ സമരപരിപാടികൾ പ്രഖ്യാപിച്ചത്. നബാഡ് പ്രവർത്തികളിൽ ഉൾപ്പെടുത്തി ചിറ്റടിക്കവല കരിക്കിൻമേട് വരെ നിർമ്മാണം പൂർത്തീകരിക്കുന്നതിനും ഉപ്പുതോട് മുതൽ പ്രകാശ് വരെ റീ ടാറിംഗ് നടത്തുന്നതിനും 5 കോടി രൂപ അനുവദിച്ച വിവരം പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ രേഖാമൂലം അറിയിച്ച സാഹചര്യത്തിലാണ് സമരപരിപാടികൾ പിൻവലിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
റോഡ് നിർമ്മാണത്തിന് ഫണ്ട് അനുവദിച്ച സംസ്ഥാന ഗവൺമെന്റിന് നന്ദി അറിയിക്കുന്നതായി സമരപരിപാടികൾക്ക് നേതൃത്വം വഹിച്ച കരിക്കിൻമേട് എസ് എൻ ഡി പി യോഗം ശാഖാ പ്രസിഡന്റ്

ജനാർദ്ദനൻ കുളങ്ങരയിൽ, സെക്രട്ടറി സജി പേഴത്താനിയിൽ, യൂണിയൻ കമ്മറ്റി അംഗം തങ്കച്ചൻ കണ്ടംകുളത്ത് എന്നിവർ പറഞ്ഞു.