കട്ടപ്പന: ഇടുക്കി പദ്ധതി പ്രദേശത്തെ പത്തുചെയിൻ മേഖലയിൽ മൂന്നു ചങ്ങല പ്രദേശത്തെ കുടുംബങ്ങൾക്ക് പട്ടയം ഇനിയും കിട്ടാക്കനി. അയ്യപ്പൻകോവിൽ, ഉപ്പുതറ, കാഞ്ചിയാർ മേഖലകളിലെ പത്തുചെയിൻ പ്രദേശത്ത് 2467 വീടുകളിലായി 5343 ആളുകൾ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. 2859 ഏക്കർ സ്ഥലത്താണ് ഇത്രയും ജനങ്ങൾ കഴിയുന്നത്. ഇതിൽ പകുതിയിലധികം ആളുകളും ഒരു ചെയിനിന്റെ പരിധിയിലാണ്. റോഡ്, വെള്ളം, വൈദ്യുതി തുടങ്ങിയവ ലഭ്യമാകുന്നതിനാലാണ് കർഷകർ ഒരു ചെയിനിന്റെ പരിധിയിൽ കൂടുതലായി താമസമാക്കിയത്. ഈ മേഖലയിൽ കഴിയുന്ന മിക്കവർക്കും 20 സെന്റിൽ താഴെ മാത്രമാണ് ഭൂമി.പൊലീസ് സ്‌റ്റേഷൻ, വില്ലേജ് ഓഫീസ് എന്നിവ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളും ഇതിന്റെ പരിധിയിൽ വരും. അനവധി വിദ്യാഭ്യാസവ്യാപാര സ്ഥാപനങ്ങളും വർഷങ്ങളായി പ്രവർത്തിക്കുന്നു. മൂന്നു ചെയിനിനു പുറത്തുള്ള പ്രദേശങ്ങളിൽ ഭൂരിഭാഗവും കൃഷിയിടങ്ങളാണ്.