കട്ടപ്പന: ജില്ലാതല പട്ടയമേള ഇന്ന് കട്ടപ്പന സെന്റ് ജോർജ് പാരിഷ്ഹാളിൽ നടക്കും. രാവിലെ 10.30 ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. വൈദ്യുതി മന്ത്രി എം.എം. മണി അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി. മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ പി.ജെ. ജോസഫ്, റോഷി അഗസ്റ്റിൻ, ഇ.എസ്. ബിജിമോൾ, എസ്. രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, കളക്ടർ എച്ച്.ദിനേശൻ, കട്ടപ്പന നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി, കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ആർ. ശശി തുടങ്ങിയവർ പ്രസംഗിക്കും.
നാലാമത് പട്ടയമേള
എൽ.ഡി.എഫ്. സർക്കാരിന്റെ നാലാമതു പട്ടയമേളയാണിത്. ജില്ലയിലെ 11 ഭൂമിപതിവ് ഓഫീസുകളിൽ നിന്നായി 8101 പട്ടയങ്ങളാണ് മേളയിൽ വിതരണം ചെയ്യുന്നത്. ഏഴല്ലൂർ, കൊലുമ്പൻകോളനി, അഞ്ചിരി, ഇഞ്ചിയാനി, മാങ്കുളം, പണിയക്കുടി, പെരുങ്കാലകോളനി ഉൾപ്പെടെ 18 കോളനികളിൽ താമസിക്കുന്ന 1500ൽപ്പരം പേർക്കും പട്ടയം നൽകും. 1650 പട്ടയങ്ങൾ വിതരണത്തിനു തയാറായ കട്ടപ്പന ഭൂമിപതിവ് ഓഫീസിന്റെ മാത്രം ആറു കൗണ്ടറുകൾ മുകളിലത്തെ നിലയിലുണ്ടാകും. കൂടാതെ അഞ്ചുരുളി മേഖലയിൽ 70 പട്ടയങ്ങളാണ് ഇത്തവണ വിതരണം ചെയ്യുന്നത്. പട്ടയം വാങ്ങാനെത്തുന്ന മുഴുവൻ പേർക്കും ലഘുഭക്ഷണവും കുടിവെള്ളവും നൽകും. പട്ടയം വാങ്ങാനെത്തുന്നവരുടെ ചെറിയ വാഹനങ്ങൾ പള്ളിക്കവല സി.എസ്.ഐ. ഗാർഡനിലും വലിയ വാഹനങ്ങൾ കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്തും പാർക്ക് ചെയ്യണം. ഉദ്ഘാടനത്തിനുമുമ്പ് ആദിവാസി ഗോത്രകലാരൂപമായ മന്നാൻ കൂത്ത് അരങ്ങേറും.